ചെർക്കള കല്ലടുക്ക റോഡിലെ ഇടിയടുക്ക വളവിൽ അപകടം തുടർക്കഥ; ബൈക്കും വാനും കൂട്ടിയിടിച്ചു, ബൈക്ക് യാത്രക്കാരന് ഗുരുതരം

 പെർള ∙ നവീകരിച്ച റോഡിൽ  അപകടം കൂടുന്നു. സീതാംഗോളി പെർള റോഡ് ചെർക്കള  കല്ലടുക്ക റോഡിലേക്ക് ചേരുന്ന ഇടിയടുക്ക വളവിലാണ്  വാഹന അപകടങ്ങൾ പതിവാകുന്നത്. ഇന്നലെ ഉച്ചയ്ക്ക് ഇവിടെ ബൈക്കും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ പെർളയിലെ ബൈക്ക് മെക്കാനിക്ക് ബാഡൂരിലെ വിശ്വനാഥ കുലാലി (24) നെ തലയ്ക്ക് ഗുരുതരമായ പരുക്കേറ്റ് മംഗളുരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നേരത്തെ  ഇവിടെ കാർ കലുങ്കിലിടിച്ചും അപകടമുണ്ടായി. തിരക്കേറിയ രണ്ടു റോഡുകളും നവീകരിച്ചതോടെ അമിത വേഗതിലാണ് ഇത് വഴി വാഹനങ്ങൾ പോകുന്നത്. രണ്ട് റോഡുകളേയും ബന്ധിപ്പിക്കുന്ന ഇരു റോഡുകളിലേക്കും വാഹനങ്ങൾ തലങ്ങും വിലങ്ങും കയറുന്നതാണ് അപകടത്തിനിടയാക്കുന്നത്.പെർളയിൽ നിന്നും സീതാംഗോളി വഴി കാസർകോട്,കുമ്പള,മംഗളുരു എന്നിവിടങ്ങളിലേക്കും സീതാംഗോളിയിൽ നിന്നും പെർളയിലേക്ക് പോകുന്നയാത്രക്കാർക്ക് കർണാടകയിലെ വിട്ള,പുത്തൂർ,ബെംഗളുരു എന്നിവിടങ്ങളിലേക്കും ഇതു വഴി പോകാനാവും. രണ്ട് റോഡുകളിലേക്കും  പ്രവേശിക്കുന്ന സ്ഥലമാണ് ഇടിയടുക്ക. ഇവിടെ സൂചന ബോർഡുകൾ സ്ഥാപിക്കാത്തതും അപകടത്തിനു കാരണമാവുന്നു.


രണ്ട് റോഡുകളും ചേരുന്നിടത്താണ് കലുങ്കുള്ളത്. വാഹനങ്ങൾ ഒന്നിച്ചു കയറുന്നതിനാൽ നിയന്ത്രണം തെറ്റി കലുങ്കിലിടിച്ചും അപകടമുണ്ടാവുന്നു.അപകടം ഒഴിവാക്കുന്നതിനു അധികൃതർ നടപടി സ്വീകരിക്കണമെന്ന് ഇടിയടുക്ക നവജീവന ബഡ്സ് സ്കൂൾ രക്ഷിതാക്കളുടെ യോഗം ആവശ്യപ്പെട്ടു


Previous Post Next Post
Kasaragod Today
Kasaragod Today