ബോവിക്കാനത്ത് നിന്ന്, കളഞ്ഞു കിട്ടിയ സ്വർണം തിരിച്ചേൽപ്പിച്ച് മാതൃകയായി വിദ്യാർഥിനികൾ

 ബോവിക്കാനം: ബസ് കാത്തിപ്പുകേന്ദ്രത്തിൽനിന്ന് കളഞ്ഞുകിട്ടിയ സ്വർണത്താലി സ്കൂൾ വിദ്യാർഥിനികൾ ഉടമയ്ക്ക് കൈമാറി. ഇരിയണ്ണി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പത്താംതരം വിദ്യാർഥിനികളായ തീർഥ മുരളിയും ആര്യശ്രീയുമാണ് സ്വർണം ഉടമയായ അംബികയ്ക്ക് കൈമാറിയത്.കഴിഞ്ഞദിവസം വൈകീട്ട് ബോവിക്കാനം ബസ് കാത്തിരിപ്പുകേന്ദ്രത്തിൽവെച്ചാണ് അരപവർ വരുന്ന താലി കിട്ടിയത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമുണ്ടായിരുന്ന ആദൂരിലെ പോലീസുകാർക്ക് ഇവരിത് കൈമാറി. കോട്ടൂരിലെ അംബിക ചന്ദ്രപ്രകാശിന്റെ താലിയാണ് മാലയിൽനിന്ന്‌ നഷ്ടപ്പെട്ടിരുന്നത്. ബോവിക്കാനത്ത് ഫാഷൻ ഡിസൈനിങ് പഠിക്കാനെത്തി തിരികെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് താലി നഷ്ടപ്പെട്ടത്. വൈകീട്ട്‌ വീട്ടിലെത്തിയപ്പോഴാണ് താലി നഷ്ടപ്പെട്ടകാര്യം ശ്രദ്ധയിൽപ്പെട്ടത്. അന്വേഷണത്തിനിടെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽനിന്ന് കളഞ്ഞുകിട്ടിയ താലി പോലീസിന് കൈമാറിയതായി അറിഞ്ഞു. ആദൂർ പോലീസ് സ്റ്റേഷനിൽവെച്ച് അഡീഷണൽ എസ്.ഐ. എം.മോഹനന്റെ സാനിധ്യത്തിൽ തീർഥയും ആര്യശ്രീയും ചേർന്ന് താലി അംബികയ്ക്ക് കൈമാറി. കോട്ടൂരിലെ മുരളീധരന്റെ മകളാണ് തീർഥ. മുളിയാർ നെക്രംപാറയിലെ വിനോദിന്റെ മകളാണ് ആര്യശ്രീ.


Previous Post Next Post
Kasaragod Today
Kasaragod Today