ലേലത്തിന് 2 മിനിറ്റുശേഷം മെസേജ്; കോലി സ്വാഗതം ചെയ്തത് ഇങ്ങനെ: വെളിപ്പെടുത്തി അസ്ഹറുദ്ദീൻ

 ബെംഗളൂരു∙ മുഷ്താഖ് അലി ട്രോഫിയിലെ തകർപ്പൻ പ്രകടനത്തിനു പിന്നാലെ ഐപിഎൽ ‘എൻട്രി’ കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് മലയാളി ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീൻ. വ്യാഴാഴ്ച, ചെന്നൈയിൽ നടന്ന താരലേലത്തിൽ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സാണ് അസ്ഹറുദ്ദീനെ സ്വന്തമാക്കിയത്.2016ൽ ട്വന്റി20യിൽ അരങ്ങേറ്റം കുറിച്ച 26കാരനായ അസ്ഹറുദ്ദീന് മുഷ്താഖ് അലിയിലെ മികച്ച പ്രകടനമാണ് ഐപിഎൽ പ്രവേശത്തിന് വഴിതെളിച്ചത്. മുംബൈയ്ക്കെതിരെ 54 പന്തിൽ 137 റൺസടിച്ച താരം ടൂർണമെന്റിലാകെ 5 മത്സരങ്ങളിൽനിന്ന് 214 റൺസാണ് നേടിയത്. 194.54 സ്ട്രൈക്ക് റേറ്റ്.ആർസിബി സ്വന്തമാക്കിയതിനു പിന്നാലെ ക്യാപ്റ്റൻ വിരാട് കോലി തന്നെ എങ്ങനെയാണ് ടീമിലേക്ക് സ്വാഗതം ചെയ്തതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ താരം. ‘‘ലേലത്തിൽ രണ്ടു മിനിറ്റിനു ശേഷം വിരാട് ഭായിയുടെ ടെക്സ്റ്റ് മെസേജ് ഫോണിൽ വന്നു, ‘ആർസിബിയിലേക്ക് സ്വാഗതം. എല്ലാ ആശംസകളും. ഇത് വിരാടാണ്.’ എന്നായിരുന്നു മെസേജ്.’’


കോലിയുടെ സന്ദേശം തന്നെ വളരെയധികം വികാരാധീനനാക്കിയെന്നും അദ്ദേഹം മെസേജ് അയക്കുന്ന കാര്യം തനിക്ക് സ്വപ്നം കാണാൻ പോലും സാധിക്കാത്തതാണെന്നും അസ്ഹറുദ്ദീൻ ഒരു സ്പോർട്സ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.ഞാൻ വളരെ സന്തുഷ്ടനാണ്. ഒരു ക്രിക്കറ്റ് ഐക്കണായി ഞാൻ കാണുന്ന ആളാണ് വിരാട് ഭായ്. വിരാട് ഭായിക്കൊപ്പം കളിക്കുക എന്നത് എപ്പോഴും എന്റെ ഒരു സ്വപ്നമാണ്. അദ്ദേഹത്തിന്റെ ടീമിൽ ഉൾപ്പെട്ടത്തിൽ സന്തോഷവും ആവേശവും ഉണ്ട്.’– അസ്ഹറുദ്ദീൻ പറഞ്ഞു. എബി ഡിവില്ലിയേഴ്സിനൊപ്പം കളിക്കാൻ സാധിക്കുന്നതിന്റെ സന്തോഷവും ഈ കാസർകോടുകാരൻ പങ്കുവച്ചു.


അസ്ഹറുദ്ദീനെ കൂടാതെ, മലയാളി താരം സച്ചിൻ ബേബിയേയും അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് ബാംഗ്ലൂർ സ്വന്തമാക്കിയിട്ടുണ്ട്. ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്‍‌വെലിനെ 14.25 കോടി രൂപയ്ക്കും കിവീസ് പേസർ കൈൽ ജാമിസണാണെ 15 കോടിക്കും ആർസിബി സ്വന്തമാക്കി.


Previous Post Next Post
Kasaragod Today
Kasaragod Today