ക്രോസ് വോട്ട് തോല്‍ക്കും; മഞ്ചേശ്വരവും കാസര്‍കോടും ബി.ജെ.പിയ്ക്ക്: ശ്രീകാന്ത്

 കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്നും രണ്ടാം സ്ഥാനത്തെത്തുന്ന മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങള്‍ ഇത്തവണ ബി.ജെ.പി പിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. ജില്ലാ അദ്ധ്യക്ഷന്‍ കെ. ശ്രീകാന്ത്. ബി.ജെ.പിയുടെ വിജയം തടയാന്‍ ലീഗിന് ക്രോസ് വോട്ട് ചെയ്യുന്നതാണ് സി.പി.എം തന്ത്രം. ജനങ്ങളെ കബളിപ്പിക്കുന്ന ഈ പതിവൊക്കെ ഇത്തവണ അപ്രസക്തമാകും എന്നാണ് ശ്രീകാന്തിന്റെ പക്ഷം.ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന സംസ്ഥാന വിജയ യാത്രയുടെ ഒരുക്കങ്ങള്‍ക്കിടെ ഫ്ലാഷുമായി സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം നയം വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് കാലത്തെല്ലാം സി.പി.എമ്മും ലീഗും ഒത്തുകളിക്കും. വോട്ടുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോദ്ധ്യമാകും. കെ. സുരേന്ദ്രന്‍ വിജയിക്കുമെന്ന ഘട്ടം വന്നപ്പോഴാണ് യു.ഡി.എഫ്. സി.എച്ച്‌. കുഞ്ഞമ്ബുവിന് വോട്ട് മറിച്ചത്. ഉപതിരഞ്ഞെടുപ്പില്‍ എം.സി. ഖമറുദ്ദീന്‍ മത്സരിച്ചപ്പോള്‍ സി.പി.എമ്മിന്റെ എം. ശങ്കര്‍ റായിക്ക് ഈ വോട്ടുകളൊന്നും ലഭിച്ചില്ല. അതുകൊണ്ട് യു.ഡി.എഫ്. എട്ടായിരത്തോളം വോട്ടുകള്‍ക്ക് ജയിച്ചു. ചെര്‍ക്കളം അബ്ദുള്ള മത്സരിച്ചപ്പോഴും പി.ബി. അബ്ദുല്‍ റസാഖ് മത്സരിച്ചപ്പോഴും ക്രോസ് വോട്ട് തന്നെയാണ് ബി.ജെ.പിക്ക് ഭീഷണിയായത്. അല്ലാതെ മണ്ഡലത്തില്‍ ശക്തി കുറഞ്ഞത് കൊണ്ടല്ല ബി.ജെ.പി. തോറ്റത്. മുന്നണികളുടെ ഈ 'കപട അടവ് നയം' ഇനി നടക്കില്ല. രണ്ടു മണ്ഡലത്തിലും ഇരുമുന്നണികളുടെയും ക്രോസ് വോട്ട് തടയാന്‍ തന്ത്രം പുറത്തെടുക്കുമെന്നും ശ്രീകാന്ത് പറഞ്ഞു. എന്നാല്‍ ആ തന്ത്രം എന്താണെന്ന് മാത്രം വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.


ഒരു തിരഞ്ഞെടുപ്പിലെ തന്ത്രത്തിലെ പിഴവുകള്‍ തിരുത്തി അടുത്ത തിരഞ്ഞെടുപ്പില്‍ പുതിയ തന്ത്രങ്ങള്‍ മെനയും. ഉദുമയും കാഞ്ഞങ്ങാടും തൃക്കരിപ്പൂരും ബി.ജെ.പി. മുന്നണികളെ ഞെട്ടിക്കും. തിരഞ്ഞെടുപ്പിന് മുന്നോടിയായി ബൂത്തുതലത്തില്‍ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്. ബൂത്തുതലങ്ങളില്‍ സംഘടന സംവിധാനത്തിലുള്ള കുറവുകള്‍ പരിഹരിക്കും. മറ്റു പ്രദേശങ്ങളിലെ പോലെ രാഷ്ട്രീയം അത്ര ആഴത്തില്‍ വേരൂന്നാത്ത പ്രദേശങ്ങളാണ് അതിര്‍ത്തികളിലുള്ളത്. കര്‍ണ്ണാടക എം.എല്‍.എ. സുനില്‍കുമാര്‍ ജില്ലയിലെ മണ്ഡലങ്ങളില്‍ നേരിട്ടെത്തുകയാണ്. അഞ്ചു മണ്ഡലങ്ങളിലെയും നേതൃയോഗങ്ങള്‍ നടന്നുകഴിഞ്ഞു. എല്‍.ഡി.എഫിനോടും യു.ഡി.എഫിനോടുമുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടു. മഞ്ചേശ്വരം എം.എല്‍.എ. ഖമറുദ്ദീന്‍ ജയിലില്‍ ആയതും തട്ടിപ്പ് കേസില്‍ പ്രതിയായതും ലീഗിന് വലിയ തിരിച്ചടിയാണ്. മണ്ഡലത്തില്‍ ഒരു വികസനവും ഇല്ല. കര്‍ണ്ണാടകയില്‍ കോളേജുകള്‍ തുറന്നിട്ടും പോകാന്‍ കഴിയാതെ വിഷമിക്കുകയാണ് ഈ ഭാഗത്തെ വിദ്യാര്‍ഥികള്‍. എം.എല്‍.എമാരും മന്ത്രിയും തിരിഞ്ഞുനോക്കുന്നുണ്ടോ എന്ന് ചോദിച്ച ശ്രീകാന്ത്, ജനങ്ങളുടെ ദുരിതം ബി.ജെ.പിയ്ക്ക് വോട്ടായി മാറുമെന്നും തറപ്പിച്ചു പറഞ്ഞു.


Previous Post Next Post
Kasaragod Today
Kasaragod Today