യുപി പോലിസ് മലയാളികളായ രണ്ട് പ്രവര്‍ത്തകരെ തട്ടിക്കൊണ്ടുപോയതായി പോപുലര്‍ ഫ്രണ്ട്

 ന്യൂഡല്‍ഹി: വ്യാജ ഭീകരാക്രമണ കഥ സൃഷ്ടിച്ച് കേരളത്തില്‍ നിന്നുള്ള രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത ഉത്തര്‍ പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നടപടിയെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ അപലപിച്ചു. മലയാളികളായ അന്‍ഷദ്, ഫിറോസ് എന്നിവരാണ് യുപി പോലിസിന്റെ പിടിയിലായത്. ഇരുവരും പശ്ചിമ ബംഗാള്‍, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ സംഘടനാ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പോയതാണെന്ന് പോപുലര്‍ ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി അനീസ് അഹമ്മദ് പ്രസ്താവനയില്‍ അറിയിച്ചു. ഫെബ്രുവരി 11ന് രാവിലെ 5.40ന് ഇരുവരും ബിഹാറിലെ കത്തിഹാറില്‍ നിന്ന് മുംബൈയിലേക്കുള്ള ട്രെയിനില്‍ കയറിയിരുന്നു. ഫെബ്രുവരി 11ന് വൈകീട്ടാണ് ഇവര്‍ അവസാനമായി കുടുംബത്തെ ബന്ധപ്പെട്ടത്. പിന്നീട് അവരെ ഫോണില്‍ കിട്ടിയിരുന്നില്ല. തുടര്‍ന്ന് ഫെബ്രുവരി 16ന് കുടുംബം കേരളത്തിലെ പ്രാദേശിക പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.


പോലിസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് യുപി എസ്ടിഎഫ് ധൃതിപിടിച്ച് പത്രസമ്മേളനം വിളിക്കുകയും ഇവരുടെ അറസ്റ്റിനെക്കുറിച്ച് വ്യാജ കഥകളും ഭാവനാത്മക ഭീകരാക്രമണ സംഭവവും കെട്ടിച്ചമച്ചതെന്നും അനീസ് അഹമ്മദ് പറഞ്ഞു. 11ന് അന്‍ഷദിനെയും ഫിറോസിനെയും അറസ്റ്റ് ചെയ്യുകയും 16ന് മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തത് തന്നെ വ്യാജ കഥകള്‍ സൃഷ്ടിക്കാനുള്ള യുപി പോലിസ് ശ്രമത്തിന് തെളിവാണ്. ഫെബ്രുവരി 11ന് വൈകീട്ട് ഇവര്‍ സഞ്ചരിച്ച ട്രെയിന്‍ യുപിയിലൂടെ കടന്ന് പോകവേ യുപിയിലെ ഏതെങ്കിലും റെയില്‍വേ സ്റ്റേഷനില്‍ വച്ച് ഇരുവരെയും യുപി എസ്ടിഎഫ് തട്ടിക്കൊണ്ടുപോയതാവാനാണ് സാധ്യത. തുടര്‍ന്ന് നിയമവിരുദ്ധ കസ്റ്റഡിയില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു.


എതിര്‍ശബ്ദങ്ങളെ ഏത് വിധേനയും ഇല്ലായ്മ ചെയ്യുന്നതില്‍ പ്രശസ്തമാണ് ബിജെപി നേതൃത്വത്തിലുള്ള യുപി സര്‍ക്കാരെന്ന് അനീസ് അഹമ്മദ് ആരോപിച്ചു. നേരത്തേ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പോപുലര്‍ ഫ്രണ്ട് സംസ്ഥാന അഡ്‌ഹോക്ക് കമ്മിറ്റി അംഗങ്ങളെ അറസ്റ്റ് ചെയ്തിരുന്നു. സിഎഎ വിരുദ്ധ പ്രക്ഷോഭത്തില്‍ അക്രമങ്ങള്‍ അഴിച്ചിവിട്ടതിന് പിന്നില്‍ ഇവരാണെന്നായിരുന്നു ആരോപണം. എന്നാല്‍, ഇത് കോടതിയില്‍ തെളിയിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് നേതാക്കളെ ജാമ്യത്തില്‍ വിടുകയായിരുന്നു. അതിന് പിന്നാലെയാണ് ഹത്‌റസിലെ ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോവുകയായിരുന്ന മൂന്ന് വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകനെയും മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെയും അറസ്റ്റ് ചെയ്ത് പോപുലര്‍ ഫ്രണ്ട് ബന്ധമാരോപിക്കാന്‍ ശ്രമിച്ചത്.


കേന്ദ്രത്തിലും യുപിയിലുമുള്ള ബിജെപി സര്‍ക്കാരിന്റെ ഇത്തരം ശ്രമങ്ങളിലൂടെ പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനാവില്ലെന്ന് അനീസ് അഹമ്മദ് പറഞ്ഞു. എസ്ടിഎഫ് തന്നെ പ്രതികളായ ഈ സംഭവത്തില്‍ സിബിഐ അന്വേഷണം വേണം. തങ്ങളുടെ പ്രവര്‍ത്തകരെ മോചിപ്പിക്കാനുള്ള ജനാധിപത്യപരവും നിയമപരവുമായ എല്ലാ വഴികളും തേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.Previous Post Next Post
Kasaragod Today
Kasaragod Today