ന്യൂഡൽഹി: സമൂഹ മാധ്യമങ്ങളിൽ ബി.ജെ.പിക്കെതിരെ പോരാടാൻ അഞ്ച് ലക്ഷത്തോളം സൈബർ പോരാളികളെ സൃഷ്ടിക്കാനൊരുങ്ങി കോൺഗ്രസ്. ഇതിനായി 'ജോയിൻ കോൺഗ്രസ് സോഷ്യൽ മീഡിയ'രാജ്യവ്യാപക കാമ്പയിനിന് തിങ്കളാഴ്ച തുടക്കം കുറിച്ചു.
'പെയ്ഡ് ട്രോൾ ആർമി'രാജ്യത്ത് വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുകയാണെന്നും അതിനെ തടയിടേണ്ട സമയമാണിതെന്നും കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു.
''എന്താണ് നടക്കുന്നതെന്ന് ചെറുപ്പക്കാരെന്ന നിലയിൽ നിങ്ങൾക്ക് കാണാൻസാധിക്കും. നിങ്ങളുടെ സ്കൂളുകളിൽ, കോളജുകളിൽ , സർവകലാശാലകളിൽ ഉപദ്രവങ്ങൾ നടക്കുന്നത് നിങ്ങൾക്ക് കാണാം. ഇന്ത്യയെന്ന ആശയത്തിന് നേരെ ആക്രമണം നടക്കുന്നതും നിങ്ങൾക്ക് കാണാൻ സാധിക്കും. ഡൽഹിക്ക് പുറത്തേക്ക് നോക്കൂ, കർഷകർക്ക് എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്ക് കാണാം. രാജ്യത്തെ ഈ യുദ്ധത്തിെൻറ നട്ടെല്ല് ട്രോൾ ആർമിയാണ്. പുരോഗമന മൂല്യങ്ങളും സമാധാനവും സഹാനുഭൂതിയും ഒത്തൊരുമയും സ്നേഹവും സംരക്ഷിച്ചീ നിർത്താൻ നമുക്കും പോരാളികൾ ആവശ്യമാണ്.'' -അദ്ദേഹം പറഞ്ഞു. ഇത് സത്യത്തിെൻറ സേനയാണ്. ഇന്ത്യയെന്ന ആശയത്തിന് പ്രതിരോധം തീർക്കുകയാണ് ഈ സേനയെന്നും രാഹുൽ കൂട്ടിച്ചേർത്തു.
വെബ്സൈറ്റ് വഴിയും ടോൾ ഫ്രീ നമ്പർ വഴിയും വാട്സ്ആപ്പ് വഴിയും ആളുകൾക്ക് ഇൗ ഉദ്യമത്തിനൊപ്പം ചേരാനാകുമെന്ന് എ.ഐ.സി.സി സമൂഹ മാധ്യമ മേധാവി റോഹൻ ഗുപ്ത, എ.ഐ.സി.സി ഇൻ ചാർജ്ജ്(അഡ്മിനിസ്ട്രേഷൻ) പവൻ കുമാർ ബൻസാൽ പാർട്ടി വക്താവ് പവൻ ഖേര എന്നിവർ അറിയിച്ചു.