സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി വനിതയ്ക്ക് കഴുമരമൊരുങ്ങുന്നു, തൂക്കിക്കൊല്ലുന്നത് കുടുംബത്തിലെ ഏഴുപേരെ വെട്ടിക്കൊന്ന യുവതിയെ

 ലക്നൗ: സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയില്‍ ആദ്യമായി ഒരു വനിതയെ വധശിക്ഷയ്ക്ക് വിധേയയാക്കുന്നു. രാജ്യത്തെ നടുക്കിയ അംറോഹ കൂട്ടക്കൊലയിലെ മുഖ്യ പ്രതി ഷബ്നത്തിന്റെ വധശിക്ഷയാണ് നടപ്പാക്കുന്നത്. കാമുകനുമായുളള ബന്ധത്തെ എതിര്‍ക്കുമെന്ന് ഭയന്ന് മാതാപിതാക്കളും സഹോദരങ്ങളും അടക്കം കുടുംബാംഗങ്ങളായ ഏഴുപേരെയാണ് ഷബ്നവും കാമുകനും ചേര്‍ന്ന് കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. വധശിക്ഷ നടപ്പാക്കാനുളള തയ്യാറെടുപ്പുകള്‍ അന്തിമഘട്ടത്തിലാണ്. എന്നാല്‍ ശിക്ഷ നടപ്പാക്കുന്നത് എന്നുവേണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. മരണവാറണ്ട് പുറപ്പെടവിക്കുന്നതിന് പിന്നാലെ വധശിക്ഷ നടപ്പാക്കുമെന്നാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന സൂചന.


കഴുമരത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുകയും തൂക്കുകയര്‍ ജയിലില്‍ എത്തിക്കുകയും ചെയ്തിട്ടുണ്ട്.


2008 ഏപ്രി​ലി​ലാണ് ഷബ്നവും കാമുകനും ചേര്‍ന്ന് ഏഴ്പേരെ അതിക്രൂരമായി വധിച്ചത്. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇരുവരെയും അറസ്റ്റുചെയ്തു. രണ്ട് വര്‍ഷത്തിനുശേഷം ഇരുവര്‍ക്കും ജില്ലാ കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല. സുപ്രീംകോടതിയും വധശിക്ഷ ശരിവച്ചു. രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയെങ്കിലും അതും തള്ളി. തുടര്‍ന്നാണ് ശിക്ഷ നടപ്പാക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചത്.ഷബ്നം ഇപ്പോള്‍ ബറേലിയിലെ ജയിലിലാണ്. എന്നാല്‍ വധശിക്ഷ നടപ്പാക്കുന്നത് മഥുരയിലെ ജയിലിലായിരിക്കും. സംസ്ഥാനത്ത് വനിതകള്‍ക്ക് വധശിക്ഷ നടപ്പാക്കുന്നതിനുവേണ്ടി പണിത ഏക ജയിലാണ് മഥുരയിലേത്. 150 വര്‍ഷം മുമ്ബ് പണിത ഈ ജയിലില്‍ സ്വാതന്ത്ര്യത്തിനുശേഷം ഒരാളുടെ വധശിക്ഷപോലും നടപ്പാക്കിയിട്ടില്ല. നിര്‍ഭയകേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കിയ പവന്‍ ജല്ലാദ് തന്നെയാണ് ഷബ്നത്തെയും തൂക്കിലേറ്റുന്നത്. വധശിക്ഷ നടപ്പാക്കുന്നതിന് മുന്നോടിയായി നിരവധിതവണ ഇദ്ദേഹം മഥുരയിലെ ജയില്‍ സന്ദര്‍ശിച്ചു. പവന്‍ ജല്ലാദിന്റെ നിര്‍ദ്ദേശപ്രകാരമാണ് കഴുമരത്തിന്റെ ചില ഭാഗങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയത്. ബക്സറില്‍ നിന്നാണ് ഷബ്നത്തിന്റെ ശിക്ഷ നടപ്പാക്കാനുള്ള തൂക്കുകയര്‍ എത്തിച്ചത്.


ഷബ്നത്തിന്റെ കൂട്ടുപ്രതി സലിം ഇപ്പോള്‍ ആഗ്രയിലെ ജയിലിലാണ് തടവില്‍ കഴിയുന്നത്. ഇയാളുടെ വധശിക്ഷ എന്നുനടപ്പാക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല.


Previous Post Next Post
Kasaragod Today
Kasaragod Today