ഇന്ധനവില കൂട്ടുന്നതിൽ ഇന്ത്യ ലോകനേതാവ്; യുഎസിൽ പെട്രോളിന് 45.06 രൂപ മാത്രം

 കൊച്ചി∙ ഇന്ധനവില കുതിക്കുന്നത് അസംസ്കൃത വില ഉയരുന്നതിനാലെന്നു കേന്ദ്രസർക്കാരും എണ്ണക്കമ്പനികളും ആവർത്തിക്കുമ്പോഴും ലോകരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് നൽകേണ്ടിവരുന്നത് വളരെ ഉയർന്ന വില. 

കഴിഞ്ഞ വർഷം ആദ്യം ബാരലിന് 70 ഡോളർ വരെ വിലയെത്തിപ്പോൾ 77 രൂപയായിരുന്നു കൊച്ചിയിലെ പെട്രോൾ വില. എന്നാൽ ഇപ്പോൾ രാജ്യാന്തര എണ്ണവില 63 ഡോളർ എത്തുമ്പോൾ ഇവിടെ വില 90 രൂപ കടന്നു. രാജ്യാന്തരതലത്തിൽ എണ്ണവില കുത്തനെ ഇടിഞ്ഞപ്പോൾ ആനുപാതിക വിലക്കുറവു വരുത്താത്തതും കേന്ദ്ര എക്സൈസ് നികുതികൾ കുത്തനെ കൂട്ടിയതുമാണു വില കുതിക്കുന്നതിന്റെ യഥാർഥ കാരണം. അതേ സമയം വിദേശരാജ്യങ്ങളിലെ വില കോവിഡിനു മുൻപുള്ള വിലയ്ക്കൊപ്പം ഇതുവരെ എത്തിയിട്ടുമില്ല.നഷ്ടം ഉപയോക്താക്കൾക്കു മാത്രം

രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില ഉയരുമ്പോൾ വലിയ നഷ്ടം സഹിക്കേണ്ടിവരുന്നത് രാജ്യത്തെ ഉപയോക്താക്കളാണ്. രാജ്യാന്തര വിപണിയിലെ വിലയ്ക്കനുസൃതമായല്ല ഇവിടെ വില നിശ്ചയിക്കുന്നത്. രാജ്യാന്തര വിപണിയിൽ വില കുറയുന്നതിന്റെ നേട്ടം ഇന്ത്യയിലെ ഉപയോക്താക്കൾക്കു ലഭിക്കുന്നില്ല. എന്നാൽ സർക്കാർ വില കുറയുമ്പോൾ നേട്ടമുണ്ടാക്കുകയും വില കൂടുമ്പോൾ നഷ്ടമുണ്ടാകാതെ നികുതി ഉയർത്തുകയുമാണു ചെയ്യുന്നത്. എണ്ണക്കമ്പനികൾക്കും നേട്ടമാണ്.വില വ്യത്യാസം ഇങ്ങനെ

2020 ജനുവരി മുതൽ 2021 ജനുവരി ഇന്ത്യയിൽ ഇന്ധനവിലയിലുണ്ടായ വർധന 13 ശതമാനമാണ്. അതേസമയം ഇക്കാലയളവിൽ അസംസ്കൃത എണ്ണവില 14 ശതമാനം കുറഞ്ഞു. വിദേശരാജ്യങ്ങൾ ഈ സമയം ഇന്ധനവില കുറയ്ക്കുകയാണുണ്ടായത്. ബ്രസീൽ 20.6% വില കുറച്ചു. അമേരിക്ക 7.5 ശതമാനവും ചൈന 1.4 ശതമാനവും യുകെ 1.8 ശതമാനവും വില കുറച്ചു.വില കൂട്ടുന്നത് ഉയർന്ന നികുതി


ഇന്ത്യയിലെ ഇന്ധന വില കുതിക്കുന്നതിനു കാരണം ഉയർന്ന നികുതിയാണ്. 2020 ജനുവരിയിൽ ഒരു ലീറ്റർ പെട്രോളിന് ഈടാക്കിയിരുന്ന കേന്ദ്ര എക്സൈസ് നികുതി 26.6 ശതമാനമായിരുന്നു. എന്നാൽ ഇപ്പോൾ 37.1 രൂപയാണു നികുതി. ഡീസലിന് 2020 ജനുവരിയിൽ 23.3 ശതമാനമായിരുന്നു കേന്ദ്ര എക്സൈസ് നികുതി. ഇപ്പോൾ ഇത് 40.1 രൂപയായി ഉയർന്നു.


∙അസംസ്കൃത എണ്ണവില കുറയുമോ


നിലവിലെ സാഹചര്യത്തിൽ രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില ഉയരാനാണു സാധ്യത. കോവിഡിനു ശേഷം ഫാക്ടറികളിലെയും മറ്റും നിർമാണ പ്രവർത്തനങ്ങളും ഗതാഗതവും മറ്റു സാമ്പത്തിക പ്രവർത്തനങ്ങളും കൂടിയതോടെ ആഗോള തലത്തിൽ എണ്ണ ഡിമാൻഡ് ഉയരുകയാണ്. ഡിമാൻഡ് ഉയരുമ്പോൾ സ്വാഭാവികമായും വില ഉയരും. ഇതിനോടൊപ്പം പ്രധാന എണ്ണ ഉൽപാദകരായ സൗദി വില ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഉൽപാദനം കുറച്ചിട്ടുമുണ്ട്. 10 ലക്ഷം ബാരൽ കുറച്ച് പ്രതിദിന ഉൽപാദനം മാർച്ച് വരെ 80.125 ലക്ഷം ബാരലായി പരിമിതപ്പെടുത്താനാണു തീരുമാനം.


Previous Post Next Post
Kasaragod Today
Kasaragod Today