ദുബായില്‍ കുടുങ്ങിയവരെ സഊദിയില്‍ എത്തിക്കണം; ഇ ടി ബഷീര്‍ എംപി സഊദി അംബാസിഡറുമായി കൂടിക്കാഴ്ച നടത്തി

 റിയാദ്: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സഊദി അറേബ്യയുടെ യാത്രാ വിലക്കു കാരണം യു എ ഇയില്‍ കുടുങ്ങിയ ഇന്ത്യന്‍ പ്രവാസികളെ സഊദിയിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യയിലെ സഊദി സ്ഥാനപതിയോട് ഇടി മുഹമ്മദ് ബഷീര്‍ എംപി അഭ്യര്‍ത്ഥിച്ചു. ഡല്‍ഹിയിലെ സഊദി എംബസിയില്‍ നേരിട്ടെത്തിയാണ് ഇടി പ്രവാസി ഇന്ത്യക്കാര്‍ നേരിടുന്ന ദുരിതം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയത്.


ഇന്ത്യ - യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ദുബൈ വഴി സഊദിയിലേക്ക് യാത്രപുറപ്പെട്ട മലയാളികളടക്കുമുള്ള ഇന്ത്യക്കാര്‍ ആ രാജ്യത്ത് കുടുങ്ങിയത്. പലര്‍ക്കും ജോലി നഷ്ടപ്പെടുന്ന സാഹചര്യമാണെന്നും അനുയോജ്യമായ ഇടപെടല്‍ നയതന്ത്ര സ്ഥാനപതിയുടെ ഭാഗത്ത് നിന്നുണ്ടാവണമെന്നും എംപി ആവശ്യപ്പെട്ടു.


കൂടാതെ നിലവില്‍ വിസ സ്റ്റാംപിങ്ങുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിച്ച്‌ രാജ്യത്തെ ഏത് സൗഊദി നയതന്ത്ര മിഷനില്‍ നിന്നും വിസ സ്റ്റാംപിങ്ങ് നടത്താനുള്ള സൗകര്യമുണ്ടാക്കണമെന്നും എംപി ആവശ്യപ്പെട്ടു.


പ്രവാസികള്‍ ദുബൈയില്‍ കുടുങ്ങിയ വിഷയത്തില്‍ അടിയന്തര ഇടപെടലുകള്‍ നടത്തണമെന്ന് കെഎംസിസി സഊദി നാഷനല്‍ കമ്മിറ്റി നിവേദനം നല്‍കിയിരുന്നു. കെഎംസിസി സഊദി നാഷനല്‍ കമ്മിറ്റിയും വിവിധ സെന്‍ട്രല്‍ കമ്മിറ്റികളും ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രിമാര്‍ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, പ്രതിപക്ഷ ഉപനേതാവ്, എം പിമാര്‍, നോര്‍ക്ക സി ഇ ഒ, വിവിധ നയതന്ത്ര കാര്യാലയങ്ങള്‍, മുസ്‌ലിം ലീഗ് നേതാക്കള്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയിരുന്നതായി വര്‍ക്കിങ് പ്രസിഡന്റ് അഷ്‌റഫ്‌ വേങ്ങാട്ട് അറിയിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today