കേരളത്തിലെ ജനങ്ങൾ ഭരണത്തുടർച്ച ആഗ്രഹിക്കുന്നു: മുഖ്യമന്ത്രി പിണറായി

 കാസർകോട്∙ കേരളത്തിലെ എല്ലാ വിഭാഗം ആളുകളും എൽഡിഎഫ് ചെയ്ത കാര്യങ്ങൾക്കു തുടർച്ച ആഗ്രഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫിന്റെ മുന്നേറ്റ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസന തുടർച്ചയ്ക്ക് ജനങ്ങളുടെ അഭിപ്രായമെടുത്തു വരുന്നു. കേരളത്തിൽ നടക്കുകയേ ഇല്ലെന്നു കരുതിയ പല കാര്യങ്ങളും എൽഡിഎഫ് സർക്കാർ യാഥാർഥ്യമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വടക്കൻ മേഖല ജാഥയ്ക്ക് ഇതോടെ തുടക്കവുകയാണ്.


മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽനിന്ന്:ജനം പ്രതിസന്ധി നേരിട്ടപ്പോൾ സർക്കാർ അവർക്കൊപ്പമുണ്ടായിരുന്നു. വലിയ ദുരന്തങ്ങൾ ഉണ്ടായപ്പോൾ ജനങ്ങളുടെ ഐക്യത്തിനും ഒരുമയ്ക്കും വേണ്ടിയാണ് സർക്കാർ നിലകൊണ്ടത്.


∙ പ്രകടന പത്രികയിൽ പറഞ്ഞ വാഗ്ദാനങ്ങളെല്ലാം നിറവേറ്റി.


∙ യുഡിഎഫിനെ ജനം ഇറക്കി വിട്ടത് ശാപവാക്കുകളോടെയാണ്.


∙ കടുത്ത പ്രതിസന്ധികൾ മറികടന്നാണ് ജനാഭിലാഷം നടപ്പാക്കിയത്. ജനങ്ങളിൽ ഐക്യബോധമുണ്ടാക്കി അദ്ഭുതങ്ങൾ സൃഷ്ടിച്ചു.


∙ പ്രതിപക്ഷത്തിന് നശീകരണ വാസനയാണ്. സർക്കാരിനെ അട്ടിമറിക്കാൻ പ്രതിപക്ഷം നശീകരണ വാസനയോടെ പ്രചാരണം നടത്തി. സ്വന്തം കളങ്കങ്ങൾ സർക്കാരിൽ ആരോപിച്ച് പ്രതിപക്ഷം മുന്നിട്ടിറങ്ങി. ചില കേന്ദ്ര ഏജൻസികളും ഇതേറ്റുപിടിച്ചു. എന്നാൽ കുപ്രചാരണങ്ങളുടെ മലവെള്ളപ്പാച്ചിലിനെ ജനക്കോട്ട കെട്ടി തകർത്തു.


∙ ഉപേക്ഷിച്ചു പോയ ഗെയ്ൽ പൈപ്പ് ലൈൻ പദ്ധതി യാഥാർഥ്യമാക്കി.


∙ കെ റെയിൽ പദ്ധതി പുരോഗമിക്കുന്നു.


∙ എല്ലാ വിഭാഗം ജനങ്ങൾക്കും ഇന്റർനെറ്റ് എന്ന സേവനം ലഭ്യമാക്കാനാണ് കെ ഫോൺ പദ്ധതി. കെ ഫോൺ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു.


∙ ക്ഷേമപെൻഷനുകൾ കുത്തനെ കൂട്ടി. യുഡിഎഫ് സർക്കാർ ഇറങ്ങുമ്പോൾ 600 രൂപയായിരുന്ന പെൻഷൻ ഇപ്പോൾ 1600 രൂപയാക്കി. 32,034 കോടി രൂപ ക്ഷേമ പെൻഷൻ നൽകി. ഇപ്പോൾ കുടിശ്ശികയില്ല.


∙ പാവങ്ങളുടെ വീടെന്ന സ്വപ്നത്തിനൊപ്പം നിന്നു. ലൈഫ് പദ്ധതിയിൽ രണ്ടര ലക്ഷം വീടുവച്ചു. ജനങ്ങൾ വിശ്വസിക്കുക സ്വന്തം ജീവിതാനുഭവം മാത്രം. എന്റെ വീട് എന്റെ അഭിമാനമെന്നാണ് അവർ കരുതുന്നത്. അതേക്കുറിച്ച് അതുമിതും പറഞ്ഞാൽ ജനങ്ങൾ വിശ്വസിക്കില്ല.


∙ നിരാശയ്ക്കു പകരം പ്രത്യാശ നിറഞ്ഞ അഞ്ച് വർഷങ്ങളാണ് കടന്നുപോകുന്നത്. ആരും പട്ടിണി കിടക്കരുതെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്.


∙ ജാതിയോ മതമോ നോക്കാതെ ജനങ്ങൾ ഒറ്റക്കെട്ടായി സർക്കാരിനൊപ്പം നിന്നു.


Previous Post Next Post
Kasaragod Today
Kasaragod Today