പെട്രോൾ -ഡീസൽ വില വർദ്ധനയിൽ പ്രതിഷേധം, മാർച്ച്‌ രണ്ടിന് പണിമുടക്ക്

 കാസര്‍കോട്: പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധനവിനെതിരെ മാര്‍ച്ച് രണ്ടിന് മോട്ടോര്‍ വാഹനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഉടമകളും പണിമുടക്ക് സമരം നടത്താന്‍ തൊഴിലാളികളും തീരുമാനിച്ചതായി മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എസ്.ടി.യു, എ.ഐ.ടി.യു.സി തുടങ്ങിയ എല്ലാ ട്രേഡ് യൂണിയന്‍ ഭാരവാഹികളും വാഹന ഉടമ പ്രതിനിധികളും ചേര്‍ന്നാണ് സമരത്തിന് നേതൃത്വം നല്‍കുന്നത് .

മാര്‍ച്ച് ഒന്നിന് എല്ലാ സ്റ്റാന്‍ഡുകളിലും പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധനവിനെതിരെയും കേന്ദ്ര സര്‍ക്കാറും പെട്രോളിയം കമ്പനികളും ചേര്‍ന്ന് നടത്തുന്ന കൊള്ളയടി വിശദീകരിക്കുന്ന യോഗങ്ങള്‍ നടക്കും. പണിമുടക്കുമായി മുഴുവന്‍ സ്വകാര്യ വാഹന ഉടമകളും സഹകരിക്കണം. പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധനവ് എല്ലാ മേഖലയെയും ബാധിക്കുന്നതാണ്. വാഹന പണിമുടക്കില്‍ ചരക്ക് ഗതാഗതം, പൊതുഗതാഗതം പൂര്‍ണ്ണമായും നിശ്ചലമാകുമെന്ന് നേതാക്കള്‍ പറഞ്ഞു.

പത്രസമ്മേളനത്തില്‍ ബസ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സി.ഐ.ടി.യു) സംസ്ഥാന സെക്രട്ടറി ഗിരികൃഷ്ണന്‍, എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി ഷെരീഫ് കൊട വഞ്ചി, ബസ് ഉടമ സംഘം ജില്ലാ പ്രസിഡണ്ട് കെ. ഗിരീഷ്, ട്രഷറര്‍ പി.എ മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംബന്ധിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today