കൊച്ചി ഐഎഫ്എഫ്കെ: സലിം കുമാറിന് ക്ഷണമില്ല, രാഷ്ട്രീയമാകാം കാരണമെന്ന് നടൻ; വിളിക്കാൻ വൈകിയതാകാമെന്ന് കമൽ

 കൊച്ചി: കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടനം നാളെ നടക്കാനിരിക്കെ ദേശീയ അവാർഡ് ജേതാവ് നടൻ സലിം കുമാറിന് ക്ഷണം ലഭിക്കാത്തതിനെ ചൊല്ലി വിവാദം. തനിക്ക് പ്രായം കൂടിയതാകാ൦ കാരണമെന്ന് പരിഹസിച്ച് സലിം കുമാ൪ രംഗത്തെത്തി. തന്റെ രാഷ്ട്രീയത്തോടുള്ള എതി൪പ്പും കാരണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ രാഷ്ട്രീയമല്ല കാരണമെന്നും അദ്ദേഹത്തെ വിളിക്കാൻ വൈകിയതാവുമെന്നും പ്രതികരിച്ച ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സലിം കുമാറിനെ ഒഴിവാക്കി കൊച്ചിയിൽ ഒരു മേള സാധ്യമല്ലെന്നും പറഞ്ഞു.സലീം കുമാറിനെ ഒഴിവാക്കിയിട്ടില്ല. ലിസ്റ്റിൽ ഉൾപ്പെടുത്തിയുണ്ട്. വിവാദ൦ അനാവശ്യമാണ്. സലിം കുമാർ തന്റെ സുഹൃത്താണ്. അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടായെങ്കിൽ താൻ ഖേദം പ്രകടിപ്പിക്കുന്നു. അദ്ദേഹത്തിന്റെ പേര് ലിസ്റ്റിലുണ്ട്. വിളിക്കാൻ വൈകിയതാകും കാരണം. ഉദ്ഘാടന ചടങ്ങിലെ അതിഥികളുടെ അന്തിമ പട്ടിക തയ്യാറായിട്ടില്ല. രാഷ്ട്രീയമായി മാറ്റി നിർത്താവുന്ന ആളല്ല സലിം കുമാർ. സലിം കുമാറിനെ ഒഴിവാക്കിക്കൊണ്ട് എറണാകുളത്ത് ഒരു മേള സാധ്യമല്ലെന്നും കമൽ പറഞ്ഞു.


ഇനി വിളിച്ചാലും പങ്കെടുക്കില്ലെന്ന് സലിം കുമാർ പ്രതികരിച്ചു. തന്നെ ഒഴിവാക്കി നിർത്തുന്നതിൽ ചില൪ വിജയിച്ചു. പ്രായമല്ല പ്രശ്നം. തനിക്കൊപ്പ൦ മഹാരാജാസിൽ പഠിച്ചവ൪ ക്ഷണിക്കപ്പെട്ട അതിഥികളാണെന്നും അദ്ദേഹം പറഞ്ഞു. സലീ൦ കുമാറിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാമെന്ന് കമൽ പ്രതികരിച്ചു. സലീ൦ കുമാറിനെ ഉടൻ വിളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


ചലച്ചിത്ര മേളയുടെ ഉദ്ഘാടനം നാളെ വൈകിട്ട് നടക്കും. കെജി ജോർജിന്റെ നേതൃത്വത്തിൽ യുവതലമുറയിലെ ചലച്ചിത്ര പ്രവർത്തകർ 25 തിരിതെളിക്കും. കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാൻ ഡെലിഗേറ്റുകൾ സഹകരിക്കണമെന്ന് കമൽ അഭ്യർത്ഥിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today