ഹൈദരാബാദ്: പിറന്നാളാഘോഷം പൊടി പൊടിച്ച് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു. ഇഷ്ടദേവതയായ യെല്ലമ്മയ്ക്ക് സമര്‍പ്പിച്ചത് രണ്ടര കിലോ ഭാരമുളള തനി സ്വര്‍ണത്തില്‍ തീര്‍ത്ത സാരിയും. നാടുനീളെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ആഘോഷത്തിന് പുറമെ ജീവിതകഥ പറയുന്ന ത്രിഡി സിനിമ പ്രദര്‍ശനവും. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ അറുപത്തിയെട്ടാം പിറന്നാളിനോടനുബന്ധിച്ചാണ് ഈ ആഘോഷപരിപാടികളെല്ലാം
ക്ഷേത്രത്തില്‍ രണ്ടര കിലോ ഭാരമുളള സാരി സമര്‍പ്പിച്ചത് റാവുവിന്റെ മകളും ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവുമായ കെ. കവിതയും മൃഗസംരക്ഷണ വകുപ്പ് മന്ത്രി തലസാനി ശ്രീനിവാസ് യാദവും ചേര്‍ന്നാണ്. ചന്ദ്രശേഖര്‍ റാവുവിനെ പ്രീതിപ്പെടുത്താനുളള മന്ത്രിയുടെ ഇന്നത്തെ പരിപാടികളില്‍ ഒന്ന് മാത്രമാണിത്.
ക്ഷേത്രങ്ങളില്‍ മാത്രമല്ല മുസ്ലീം - ക്രിസ്ത്യന്‍ ദേവാലയങ്ങളിലും യാദവ് പ്രാര്‍ത്ഥിച്ചു.
റാവുവിനെ പ്രീതിപ്പെടുത്താന്‍ മരുമകന്‍ സന്തോഷ് കുമാറും ഒട്ടും പിന്നിലല്ല. ബോളിവുഡ്, ചലച്ചിത്ര താരങ്ങളെയും മറ്റ് പ്രധാന വ്യക്തികളെയും ചേര്‍ത്ത് ഒരുകോടി മരത്തൈകള്‍ നടുന്ന ചടങ്ങ് സന്തോഷ് സംഘടിപ്പിച്ചു. നിലവില്‍ രാജ്യസഭാംഗമാണ് സന്തോഷ്. തെലങ്കാനയില്‍ മാത്രമല്ല അടുത്തുളള ആന്ധ്രപ്രദേശിലും റാവുവിന്റെ പിറന്നാള്‍ ആഘോഷിക്കുന്നുണ്ട്. കിഴക്കന്‍ ഗോദാവരി ജില്ലയില്‍ ഒരു പുഷ്പ നഴ്സറിയില്‍ പൂക്കള്‍ ചേര്‍ത്ത് കെ.ചന്ദ്രശേഖരിന്റെ രൂപമുണ്ടാക്കി.