വാഷിങ്ടണ്‍: ജോ ബൈഡന്‍ ഭരണകൂടത്തിലെ ദേശീയ സാമ്ബത്തിക സമിതി ഡെപ്യൂട്ടി ഡയരക്ടറും ഇന്ത്യന്‍ വംശജയുമായ സമീറ ഫാസിലിയുടെ ആദ്യ വാര്‍ത്താസമ്മേളനം വൈറലായി. വൈറ്റ്ഹൗസില്‍ ശിരോവസ്ത്രമണിഞ്ഞ വനിത ആദ്യമായി മാധ്യമങ്ങളെ അഭിമുഖീകരിച്ചത് സമ്മിശ്ര പ്രതികരണമാണ് ഉളവാക്കിയത്.
രാജ്യത്തെ വിതരണശൃംഖലയെ സംരക്ഷിക്കാനും തൊഴിലവസരം സൃഷ്ടിക്കുന്നതിനും ബൈഡന്‍ ഭരണകൂടമെടുത്ത നടപടികള്‍ വിശദീകരിക്കാന്‍ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകിക്കൊപ്പമാണ് കശ്മിരിയായ സമീറ എത്തിയത്. ഹിജാബണിഞ്ഞ അവരുടെ ഫോട്ടോയും വിഡിയോയും വൈറലായിരിക്കുകയാണ്.
സമൂഹ്യമാധ്യമങ്ങളില്‍ നിരവധി പേരാണ് ഹിജാബണിഞ്ഞ സമീറയെ പ്രശംസിച്ചത്. അഭിമാന നിമിഷം.
വൈറ്റ്ഹൗസില്‍ വാര്‍ത്താസമ്മേളനം നടത്തുന്ന ആദ്യ മുസ്‌ലിം വനിതയായ സമീറയെ കണ്ട് ഫ്രഞ്ച് സര്‍ക്കാര്‍ ജനാധിപത്യത്തിന്റെ പാഠങ്ങള്‍ പഠിക്കട്ടെ എന്നായിരുന്നു സി.എ.ഐ.ആര്‍ എന്ന ഇസ്‌ലാമിക സംഘടനയുടെ നേതാവ് നിഹാദ് അവാദ് പ്രതികരിച്ചത്.
അതേസമയം സിറിയയില്‍ നിരവധി മുസ്‌ലിംകളെ ബോംബിട്ട് കൊന്ന് അടുത്തദിവസം ഹിജാബ് ധരിച്ച വനിതയെ അവതരിപ്പിച്ച ബൈഡന്റെ ഇരട്ട നിലപാടിനെ ചോദ്യംചെയ്ത് സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി പേര്‍ രംഗത്തെത്തി.
ബൈഡന്‍ കൊലപ്പെടുത്തിയ 22 പേര്‍ക്ക് സമീറ തുല്യയാകുമോ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ഹലാല്‍ കൊലപാതകമെന്നായിരുന്നു വേറെ ചിലരുടെ കമന്റ്.