ബായിക്കര തടയണയ്ക്ക് ഭീഷണിയായി അനധികൃത മണലെടുപ്പെന്ന്

 ചട്ടഞ്ചാൽ ∙ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ബാവിക്കര ശുദ്ധജല പദ്ധതിയുടെ തടയണയ്ക്ക് ഭീഷണിയായി അനധികൃത മണലെടുപ്പ്. ‌തടയണയുടെ നിലനിൽപിന് തന്നെ ഇതു ഭീഷണിയായിരിക്കുകയാണെന്നാണ് ചെറുകിട ജലസേചന വിഭാഗത്തിന്റെ മുന്നറിയിപ്പ്.പുഴയിലേക്ക് തന്നെ റോഡ് നിർമിച്ച് രാത്രി കാലത്ത് വ്യാപകമായി മണൽ കടത്തുകയാണ്.


തടയണയുടെ തൊട്ടടുത്ത് നിന്ന് വരെ ഇത്തരത്തിൽ മണൽ കൊള്ളയടിക്കുന്നു. തടയണയുടെ പകുതി ഭാഗത്തെ കോൺക്രീറ്റ് തൂൺ നിർമാണം വർഷങ്ങൾക്കു മുൻപേ നടത്തിയതിനാൽ വെള്ളം കുത്തിയൊലിച്ച് ബാക്കി ഭാഗത്ത് വൻതോതിൽ കുഴി രൂപപ്പെട്ടിരുന്നു. തടയണയുടെ ഷട്ടർ നിലനിൽ‌ക്കുന്ന ഈ ഭാഗത്ത് മണൽ വീണ്ടും നിറച്ചാണ് നിർമാണം നടത്തിയത്.അനധികൃത മണലെടുപ്പ് കാരണം ഈ മണൽ ഒലിച്ചു പോയാൽ അത് തടയണയുടെ സംഭരണശേഷി ഇല്ലാതാകാൻ കാരണമാകും. മുളിയാർ പഞ്ചായത്തിന്റെ ഭാഗത്താണ് അനധികൃത മണലെടുപ്പ് രൂക്ഷം. രാത്രി കാലങ്ങളിൽ ഒന്നിലേറെ സ്ഥലങ്ങളിൽ നിന്ന് മണൽ കൊള്ള നടത്തുന്നു. നേരത്തെ കലക്ടർ ഉൾപ്പെടെ ഇടപെട്ട് മണലെടുപ്പ് കുറച്ചിരുന്നെങ്കിലും വീണ്ടും സജീവമായതായി പരാതിയുണ്ട്.


Previous Post Next Post
Kasaragod Today
Kasaragod Today