ബ്രേക്ക് ശരിയാക്കാൻ പറ്റില്ല, ഹോണിന്റെ ശബ്ദം കൂട്ടിവയ്‌ക്കാം; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ശശി തരൂർ

 ന്യൂഡൽഹി: കേന്ദ്ര ബജറ്റിനെ പരിഹസിച്ച് കോൺഗ്രസ് നേതാക്കൾ. ‘ബ്രേക്ക് ശരിയാക്കാൻ പറ്റില്ല, ഹോണിന്റെ ശബ്ദം കൂട്ടിവയ്‌‌ച്ചുതരാം’ എന്നു പറയുന്ന മെക്കാനിക്കിനെയാണ് ബിജെപി സർക്കാർ ഓർമിപ്പിക്കുന്നതെന്ന് ബജറ്റ് പ്രസംഗത്തിനു പിന്നാലെ ശശി തരൂർ എംപി പരിഹസിച്ചു.“രാജ്യം ആവശ്യപ്പെടുന്നത് കരുത്തുറ്റ ബജറ്റാണ്. സമൂഹത്തിൽ താഴെകിടയിലുള്ളവർക്ക് നേരിട്ട് പണമെത്തണം. തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടണം,” കോൺഗ്രസ് നേതാവ് ആനന്ദ് ശർമ പറഞ്ഞു.


“ചെറുകിട വ്യവസായ സംരഭങ്ങൾ, കർഷകർ, തൊഴിലാളികൾ എന്നിവർക്ക് പിന്തുണ നൽകുന്നതായിരിക്കും ബജറ്റ്. മനുഷ്യജീവൻ രക്ഷിക്കാൻ വേണ്ടി ആരോഗ്യരംഗത്ത് കൂടുതൽ പണം ചെലവഴിക്കുകയാണ് വേണ്ടത്. അതിർത്തികൾ സംരക്ഷിക്കാൻ വേണ്ടി പ്രതിരോധ രംഗത്തും കൂടുതൽ പണം ചെലവിടണം,” നിർമല സീതാരാമന്റെ ബജറ്റ് പ്രസംഗത്തിനു മിനിറ്റുകൾക്ക് മുൻപ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.


കേന്ദ്ര ബജറ്റിനെ ആം ആദ്‌മി രൂക്ഷമായി പരിഹസിച്ചു. പൊതുമേഖലകളിലെ സ്വകാര്യവൽക്കരണം ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസം. പൊതുമേഖലയിലെ സ്വകാര്യ നിക്ഷേപങ്ങൾക്ക് വേണ്ടിയാണ് ബജറ്റ് അവതരിപ്പിച്ചത്. റോഡുകളും വിമാനത്താവളങ്ങളും വൈദ്യുതിയുമടക്കം സ്വകാര്യ വ്യക്തികൾക്ക് വിൽക്കുകയാണെന്ന് ആം ആദ്‌മി കുറ്റപ്പെടുത്തി.കൃഷി വിറ്റത്തിന്റെ പ്രത്യാഘാതമാണ് രാജ്യത്ത് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. വീണ്ടും സർക്കാർ വിൽപന തുടരുകയാണ്. ഈ സർക്കാരിന് വരുമാനത്തിനുള്ള ഏക മാർഗം വിൽപനയാണ്. ഇന്ന് സർക്കാർ അവതരിപ്പിച്ചതിനെ ബജറ്റെന്ന് വിളിക്കാനാവില്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു.


കൊച്ചി മെട്രോ രണ്ടാം ഘട്ട വികസനത്തിന് തുക അനുവദിച്ചത് കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാനാണെന്ന് ഹൈബി ഈഡന്‍ എംപി പറഞ്ഞു. രാഷ്ട്രീയമായ ഇടപെടലാണിത്. കേന്ദ്ര സര്‍ക്കാരിന്റെ നീക്കം പൊതുസമൂഹം തിരിച്ചറിയുമെന്നും ഹൈബി പ്രതികരിച്ചു.


അതേസമയം, ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തുകയും ആത്മനിർഭർ ഭാരതിന് ഊന്നൽ നൽകുകയും ചെയ്യുന്ന ബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് ബിജെപി നേതാവും പ്രതിരോധമന്ത്രിയുമായ രാജ്‌നാഥ് സിങ് പറഞ്ഞു.


Previous Post Next Post
Kasaragod Today
Kasaragod Today