ഉണ്ണിത്താനെതിരെ കയ്യേറ്റശ്രമം, കെപി സിസി നിർവാഹകസമിതി അംഗമുൾപ്പടെയുള്ളവർക്കെതിരെ നേതൃത്വത്തിന് പരാതി നൽകി

 കാസര്‍കോട്: യു.ഡി.എഫ് നേതാക്കള്‍ക്കുള്ള വിരുന്ന് സല്‍ക്കാരത്തിനിടെ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പിക്ക് നേരെ കയ്യേറ്റശ്രമം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫിന്റെ ഐശ്വര്യകേരളയാത്ര ഉദ്ഘാടനം ചെയ്ത ദിവസം രാത്രിയാണ് സംഭവം. അന്തരിച്ച മുസ്ലിംലീഗ് നേതാവ് പി.ബി അബ്ദുല്‍റസാഖിന്റെ വീട്ടില്‍ നടത്തിയ വിരുന്ന് സല്‍ക്കാരത്തിനിടെയാണ് ഉണ്ണിത്താനെ കെ.പി.സി.സി നിര്‍വാഹകസമിതിയംഗവും ബ്ലോക്ക് പ്രസിഡണ്ടും അടക്കമുള്ള സംഘം കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. ഇതുസംബന്ധിച്ച് ഉണ്ണിത്താന്‍ എ.ഐ.സി.സി സെക്രട്ടറി പി.വി മോഹനന് പരാതി നല്‍കി.

ഐശ്വര്യകേരളയാത്രയുടെ ആദ്യദിവസം ചെര്‍ക്കളയിലെ സ്വീകരണപരിപാടിക്ക് ശേഷമാണ് പി.ബി. അബ്ദുല്‍റസാഖിന്റെ വീട്ടില്‍ വിരുന്ന്സല്‍ക്കാരം നടത്തിയത്. വീട്ടില്‍ നിന്ന് ഇറങ്ങിയ ഉണ്ണിത്താനെ നേതാക്കള്‍ തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും കയ്യേറ്റത്തിന് മുതിരുകയും ചെയ്തെന്നാണ് പരാതി. ഉണ്ണിത്താനോട് മോശമായി പെരുമാറിയ കെ.പി.സി.സി അംഗത്തോടും ബ്ലോക്ക് പ്രസിഡണ്ടിനോടും പാര്‍ട്ടിനേതൃത്വം വിശദീകരണം തേടി. കാസര്‍കോട് ജില്ലയില്‍ കോണ്‍ഗ്രസിനകത്ത് നിലനില്‍ക്കുന്ന അഭിപ്രായഭിന്നതയാണ് വിരുന്ന് സല്‍ക്കാരത്തിനിടയിലെ പ്രശ്നങ്ങള്‍ക്ക് കാരണം. കോണ്‍ഗ്രസ് കാസര്‍കോട് മുനിസിപ്പാലിറ്റി മണ്ഡലം പ്രസിഡണ്ട് സ്ഥാനത്തേക്ക് എ ഗ്രൂപ്പുകാരനെ നിയമിക്കാന്‍ ഒരുവിഭാഗം നടത്തിയ ശ്രമം ഉണ്ണിത്താന്‍ തടഞ്ഞതാണ് ഒരുവിഭാഗം നേതാക്കളെ പ്രകോപിപ്പിച്ചത്.


Previous Post Next Post
Kasaragod Today
Kasaragod Today