കാസര്‍ഗോഡ്: കന്നട മേഖലയിലെ നേതാക്കള്‍ക്ക് അവസരം നല്‍കാത്ത ബിജെപി നേതൃത്ത്തിനെതിരേ അണികളില്‍ അമര്‍ഷം പുകയുന്നു. കന്നഡ മേഖലയില്‍ നിന്നുള്ള നേതാക്കളായ സതീഷ്ചന്ദ്ര ഭണ്ഡാരി, ബാലകൃഷ്ണ ഷെട്ടി, കെ.എന്‍. കൃഷ്ണഭട്ട്, പ്രമീള സി. നായിക്, പി. സുരേഷ്കുമാര്‍ ഷെട്ടി എന്നിവരെയാണ് അവഗണിച്ചത്. ബിജെപിക്ക് നിര്‍ണായക സ്വാധീനമുള്ള മഞ്ചേശ്വരം, കാസര്‍ഗോഡ് മണ്ഡലങ്ങളില്‍ പാര്‍ട്ടിയുടെ ഏറ്റവും വലിയ വോട്ട് ബാങ്ക് കന്നട ഭാഷാന്യൂനപക്ഷ വിഭാഗങ്ങളാണ്.
സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് കോന്നിക്ക് പുറമെ മഞ്ചേശ്വരത്തുകൂടി മത്സരിക്കാന്‍ തീരുമാനിച്ചതോടെയാണ് കന്നട വിഭാഗത്തിന് അവസരം നഷ്ടമായത്.
ഇതോടെ മഞ്ചേശ്വരത്ത് മത്സരിക്കുമെന്ന് കരുതിയിരുന്ന ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത് കാസര്‍ഗോഡേയ്ക്ക് മാറുകയായിരുന്നു.
2001 ല്‍ ഒഴികെയുള്ള മുഴുവന്‍ തെരഞ്ഞെടുപ്പുകളിലും ഈ രണ്ടുസീറ്റുകളില്‍ ഒന്നെങ്കിലും കന്നട നേതാക്കള്‍ക്ക് നല്‍കിയിരുന്നു. ലോകസഭയിലും കാസര്‍ഗോഡ്, മഞ്ചേശ്വരം നിയമസഭ തെരഞ്ഞെടുപ്പിലും ബിജെപി സ്ഥാനാര്‍ഥിയായിരുന്ന രവീശതന്ത്രി കുണ്ടാര്‍ നേതൃത്വവുമായി പരസ്യമായി ഉടക്കിയാണ് സംസ്ഥാന കൗണ്‍സില്‍ സ്ഥാനം രാജിവച്ച് രാഷ്ട്രീയപ്രവര്‍ത്തനംതന്നെ അവസാനിപ്പിച്ചത്.