ഇന്ത്യൻ കോൺസുലേറ്റിന്‍റെ ഇടപെടൽ; ജിദ്ദയിൽ കുടുങ്ങിയ യാത്രക്കാരെ നാട്ടിലയച്ചു

 ജിദ്ദ: കഴിഞ്ഞ ദിവസം ജിദ്ദയിൽ നിന്ന് കൊച്ചിയിലേക്കുള്ള സൗദിയ വിമാനം റദ്ദാക്കിയതിനെ തുടർന്ന് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാരിൽ ഭൂരിപക്ഷം പേരെയും ഇന്ത്യൻ കോൺസുലേറ്റിന്‍റെ ഇടപെടലിനെ തുടർന്ന് നാട്ടിലയച്ചു. ഇന്ത്യൻ എംബസിയുടെയും കേരള സർക്കാറിന്‍റെയും എൻ.ഒ.സിയോടെ സൗദി സിവിൽ ഏവിയേഷൻ അധികൃതർ അനുമതി സർവിസിന് നൽകിയിട്ടും ഇന്ത്യൻ സിവിൽ ഏവിയേഷൻ അവസാന നിമിഷം അനുമതി നിഷേധിച്ചതു കാരണമാണ് വെള്ളിയാഴ്ച പുലർച്ചെ 12.20 ന് പുറപ്പെടേണ്ടിയിരുന്ന സൗദിയ വിമാന സർവിസ് റദ്ദായത്.


സൗദിയിലെ പടിഞ്ഞാറൻ പ്രവിശ്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നും ആഭ്യന്തര വിമാന യാത്ര ചെയ്തും കിലോമീറ്ററുകൾ താണ്ടി റോഡ് മാർഗവുമൊക്കെയായി ജിദ്ദയിൽ എത്തിയപ്പോഴാണ് യാത്രക്കാർ സർവിസ് മുടങ്ങിയത് അറിയുന്നത്. വിവിധ ട്രാവൽ ഏജന്റുകൾ മുഖേന ടിക്കറ്റിനു പണം നല്കിയിരുന്നവരാണ് ഇവർ. കുട്ടികളും കുടുംബങ്ങളും അടക്കം ഇരുനൂറിലധികം പേരാണ് ഈ ചാർട്ടേഡ് വിമാനത്തിൽ ബുക്കിങ് നടത്തിയിരുന്നത്.ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലത്തിന്‍റെ നിർദേശ പ്രകാരം കോൺസൽ ഹംന മറിയവും വൈസ് കോൺസൽ മാലതിയും വെള്ളിയാഴ്ച വിമാനത്തവാളത്തിൽ എത്തി യാത്രക്കാർക്ക് ആവിശ്യമായ സഹായങ്ങൾ നൽകി. ദാദാഭായ് ട്രാവൽസ് മാനേജർ മുഹമ്മദ് അബൂബക്കർ, ഒ.ഐ.സി.സി ജിദ്ദ കമ്മിറ്റി പ്രവർത്തക സമിതി അംഗം സമീർ നദവി എന്നിവരുടെ സഹായത്തോടെ യാത്രക്കാരിൽ ഇരുപതോളം പേരെ വെള്ളിയാഴ്ച്ച രാത്രി എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലയച്ചു. സൗദി എയർലൈൻസ് വിമാനത്താവള ടെർമിനലിൽ നിന്നും ഇവരെ ഇന്ത്യൻ സ്കൂൾ വാഹനത്തിൽ ജിദ്ദയിലെ റെസ്റ്റോറന്റിൽ എത്തിച്ച് ഭക്ഷണം നൽകി തിരിച്ച് നോർത്ത് ടെർമിനലിൽ എത്തിച്ച് പ്രത്യേക കൗണ്ടർ ഒരുക്കി എയർ ഇന്ത്യയുടെ മുബൈ വഴി തിരുവന്തപുരത്തേക്കുള്ള വിമാനത്തിലാണ് ഇവരെ കയറ്റി അയച്ചത്.


യാത്രക്കാരിൽ ബാക്കിയുണ്ടായിരുന്നവരിൽ ചിലർ എമിറേറ്റ്‌സ് വിമാനത്തിൽ ബാംഗ്ലൂരിലേക്കും ചിലർ കോഴിക്കോട്ടേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിലും യാത്ര ചെയ്തു. അവശേഷിച്ച ചുരുക്കം യാത്രക്കാർ അവരുടെ യാത്ര മാറ്റിവെച്ചിരിക്കുകയാണ്.


കഴിഞ്ഞ ദിവസം റിയാദിൽ നിന്നും ഡൽഹിയിലേക്കു സൗദിയ വിമാനം സർവിസ് നടത്തുകയുണ്ടായെന്നും കേരളത്തിലേക്ക് മാത്രം സൗദിയ വിമാന സർവിസിന് ഡി.ജി.സി.എ അനുമതി നിഷേധിച്ചത് പ്രതിഷേധാർഹമാണെന്നും ഒ.ഐ.സി.സി റീജിയനൽ കമ്മിറ്റി പ്രസിഡന്‍റ് കെ.ടി.എ മുനീർ പറഞ്ഞു. വരും ദിനങ്ങളിലും ഇത് ആവർത്തിക്കുകയാണെങ്കിൽ വിഷയത്തിൽ മുഖ്യമന്ത്രി അടിയന്തരമായി പ്രധാനമന്ത്രിയുമായി ബന്ധപെട്ടു പരിഹാരം ഉണ്ടാക്കണമെന്നും മുനീർ ആവശ്യപ്പെട്ടു.


Previous Post Next Post
Kasaragod Today
Kasaragod Today