കാസർകോട്: കാറിൽ കടത്തുകയായിരുന്ന ഒൻപത് ലക്ഷം രൂപ വിലമതിക്കുന്ന 150 ഗ്രാം എം.ഡി.എം.എ. പിടികൂടി. കാസർകോട് ഡിവൈ.എസ്.പി. പി.പി.സദാനന്ദന്റെ നേതൃത്വത്തിൽ ശനിയാഴ്ച നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് എം.ഡി.എം.എ. മയക്കുമരുന്ന് പിടികൂടിയത്. സംഭവത്തിൽ പൊവ്വൽസ്വദേശി നൗഷാദ് എന്ന ബിൽഡർ നൗഷാദിനെ (40) പോലീസ് അറസ്റ്റുചെയ്തു. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ നടത്തിയ പ്രത്യേക പരിശോധനയിലായിരുന്നു മയക്കുമരുന്ന് പിടികൂടിയത്.ബെംഗളൂരുവിൽനിന്ന് കാസർകോട്ടേക്ക് വിൽപ്പനയ്ക്കെത്തിച്ചതാണ് മയക്കുമരുന്ന്. ക്രിസ്റ്റൽ രൂപത്തിലുള്ള എം.ഡി.എം.എ. ഗ്രാമിന് 6000 മുതൽ 10,000 രൂപ നിരക്കിലാണ് വിൽപ്പന നടത്തുന്നതെന്ന് പോലീസ് പറഞ്ഞു.
2016-ൽ കുമ്പള മണ്ഡേക്കാപ്പിലെ വ്യാപാരിയെ കൊന്ന കേസിലെ പ്രതിയാണ് നൗഷാദെന്നും മുൻപ് ബദിയഡുക്ക, ആദൂർ എന്നിവിടങ്ങളിൽ പിടികൂടിയ എം.ഡി.എം.എ. നൗഷാദാണ് കൊടുത്തുവിട്ടതെന്ന് സംശയിക്കുന്നുവെന്നും പോലീസ് കൂട്ടിച്ചേർത്തു.
ഡാൻസാഫ് സ്പെഷ്യൽ ഡിവൈ.എസ്.പി. പ്രേമരാജൻ, കാസർകോട് എസ്.ഐ. കെ.ഷാജു, ഡാൻസാഫ് അംഗങ്ങളായ എസ്.ഐ. സി.കെ.ബാലകൃഷ്ണൻ, എസ്.ഐ. നാരായണൻ നായർ, ശിവകുമാർ പള്ളിയത്ത്, ഓസ്റ്റിൻ തമ്പി, രാജേഷ് മാണിയാട്ട്, ശ്രീജേഷ്, എസ്.ഐ. രഞ്ജിത്ത് കുമാർ എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്.