ബംഗ്ലാദേശെന്ന മുസ്ലിം രാഷ്ട്രം രൂപീകരിക്കാൻ ഞാൻ ജയിലില്‍ കിടന്നിട്ടുണ്ടെന്ന് നരേന്ദ്ര മോദി, മോദിക്കെതിരെയുള്ള പ്രതിഷേധം കുറയുന്നില്ല, കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി, നിരവധി പേർക്ക് പരിക്ക്

 ധാക്ക: രാഷ്ടീയ ജീവിതത്തിലെ ആദ്യ പോരാട്ടം ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടുദിവസത്തെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെയാണ് മോദി ഇക്കാര്യം പറഞ്ഞത്. ബംഗ്ലാദേശ് എന്ന മുസ്ലിം രാജ്യംരൂപീകരിക്കുന്നതിന് വേണ്ടി ഇന്ത്യയില്‍ താന്‍ സത്യഗ്രഹം നടത്തി. അതിന്റെ പേരില്‍ ഇരുപതാം വയസ്സില്‍ ജയിലില്‍ കിടക്കേണ്ടി വന്നെന്നും മോദി ധാക്കയില്‍ പറഞ്ഞു.


'ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യ സമരം എന്റെ രാഷ്ട്രീയ ജീവിതത്തിലും പ്രധാനപ്പെട്ടതാണ്. ഞാനും എന്റെ സുഹൃത്തുക്കളും ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി സത്യഗ്രഹം നടത്തി. ഈ സമയത്താണ് ഞാന്‍ ജയിലില്‍ പോകുന്നത്.

അന്ന് ഞങ്ങള്‍ക്ക് 20 വയസ്സായിരുന്നു പ്രായം'-മോദി പറഞ്ഞു. ധാക്കയില്‍ ബംഗ്ലാദേശ് ദേശീയ ദിന പരിപാടിയില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്കും പ്രസിഡന്റ് അബ്ദുല്‍ ഹമീദിനുമൊപ്പം മോദി പങ്കെടുത്തു.

പ്രശസ്തമായ മുജീബ് ജാക്കറ്റ് ധരിച്ചായിരുന്നു മോദി പരിപാടിക്കെത്തിയത്. തന്റെ ജീവിതത്തിലെ മറക്കാനാകാത്ത ദിനമാണിതെന്നും പരിപാടിയില്‍ എന്നെ ക്ഷണിച്ചതില്‍ നന്ദിയുണ്ടെന്നും മോദി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗ്ലദേശ് സന്ദര്‍ശനത്തിനിടെ വ്യാപക പ്രതിഷേധം. തലസ്ഥാനമായ ധാക്കയിലും പ്രതിഷേധം നിയന്ത്രണാധീതമായി. ചിറ്റഗോങ്ങില്‍ പ്രതിഷേധത്തിനിടെ നാല് പേര്‍ കൊല്ലപ്പെട്ടു. പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പന്ത്രണ്ടുപേര്‍ക്ക് പരുക്കേറ്റു.


പ്രതിഷേധക്കാര്‍ പൊലിസ് സ്റ്റേഷനില്‍ പ്രവേശിച്ച്‌ വ്യാപകമായ നാശനഷ്ടങ്ങള്‍ വരുത്തിയതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് പൊലിസ് കണ്ണീര്‍വാതകവും റബര്‍ ബുള്ളറ്റും പ്രയോഗിക്കുകയായിരുന്നു. കോവിഡിനു ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദര്‍ശനമാണിത്.


അതേ സമയം ദ്വിദിന സന്ദര്‍ശനത്തിനായി വെള്ളിയാഴ്ച ധാക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്.ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി ചര്‍ച്ച നടത്തുന്ന മോദി ബംഗ്ലദേശിന്റെ സ്വാതന്ത്ര്യ ആഘോഷങ്ങളിലും പങ്കെടുക്കുന്നുണ്ട്.


Previous Post Next Post
Kasaragod Today
Kasaragod Today