ഉദ്യോഗക്കയറ്റം ലഭിച്ചില്ല; മൂന്ന് എസ്ഐമാർ യാത്രയപ്പ് ബഹിഷ്കരിച്ചു

 കാഞ്ഞങ്ങാട്: ആയകാലത്ത് സർവ്വീസിൽ അർഹമായ ഉദ്യോഗക്കയറ്റം ലഭിക്കാതിരുന്നതിൽ പ്രതിഷേധിച്ച്, മൂന്ന് പോലീസ് സബ്ബ് ഇൻസ്പെക്ടർമാർ ഇന്നലെ ജില്ലാ പോലീസ് ആസ്ഥാനത്ത്് നടന്ന പോലീസുദ്യോഗസ്ഥരുടെ റിട്ടയർമെന്റ് ചടങ്ങ് ബഹിഷ്ക്കരിച്ചു. ജില്ലാ പോലീസ് ആസ്ഥാനത്ത് സേവനമനുഷ്ഠിക്കുന്ന എസ്ഐ, കാഞ്ഞങ്ങാട് കൊവ്വൽപ്പള്ളിയിലെ കെ. കെ. രവീന്ദ്രൻ, ആദൂർ സബ്ബ് ഇൻസ്പെക്ടർ കെ. സി. നാരായണൻ, ജില്ലാ പോലീസ് ആസ്ഥാനത്തെ ഏഎസ്ഐ, രാജീവ് എന്നിവരാണ് യാത്രയപ്പ് ചടങ്ങും, അനുമോദനവും ബഹിഷ്ക്കരിച്ച് പ്രതിഷേധിച്ചത്.


ഈ മാർച്ച് മാസത്തിൽ 5 പോലീസുദ്യോഗസ്ഥരാണ് ജില്ലയിൽ സർവ്വീസിൽ നിന്ന് പിരിഞ്ഞത്. മഞ്ചേശ്വരം എസ്ഐ, ചെറുവത്തൂരിലെ രാജു, തൃക്കരിപ്പൂർ തീരദേശ പോലീസിലെ എസ്ഐ, വാഴുന്നോറൊടിയിലെ വിക്രമൻ എന്നിവർ ജില്ലാ പോലീസ് മേധാവിയടക്കം പങ്കെടുത്ത യാത്രയയപ്പ് ചടങ്ങിൽ സംബന്ധിച്ചപ്പോൾ, മൂന്നു സബ്ബ് ഇൻസ്പെക്ടർമാർ ചടങ്ങ് ബഹിഷ്കരിക്കാൻ കാരണം, പോലീസ് സേനയിൽ അർഹമായ ഉദ്യോഗക്കയറ്റം ലഭിക്കാതിരുന്നതാണ്. കേരള പോലീസ് ഒാഫീസേഴ്സ് അസോസിയേഷനും, കേരള പോലീസ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ നിന്നാണ് മൂന്ന് എസ്ഐമാർ പൂർണ്ണമായും വിട്ടുനിന്നത്.


കേരള പോലീസ് അസോസിയേഷന്റെ ഖജാൻജിയായി വർഷങ്ങളോളം ജില്ലയിൽ സേവനമനുഷ്ടിച്ച കെ. കെ. രവീന്ദ്രൻ സേനയിൽ അസിസ്റ്റൻസ് കമാൻഡൻണ്ടായി റിട്ടയർ ചെയ്യേണ്ട ഉദ്യോഗസ്ഥനാണ്. കേരള പോലീസ് അസോസിയേഷനിൽ തുടർന്നുവരുന്ന ഏകാധിപത്യ പ്രവണത മൂലമാണ് മൂന്ന് പോലീസുദ്യോഗസ്ഥർക്ക് സേവനത്തിൽ ഉദ്യോഗക്കയറ്റം ലഭിക്കാതെ പോയതെന്നാണ് ആരോപണം.


Previous Post Next Post
Kasaragod Today
Kasaragod Today