കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ സി.പി.എം -ബി.ജെ.പി ഡീലിന് സാധ്യത തള്ളിക്കളയാനാവില്ലെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് പി.പി മുകുന്ദന്‍. രണ്ട് മണ്ഡലത്തില്‍ മത്സരിക്കുകയും ഹെലികോപ്ടറില്‍ യാത്ര െചയ്യുകയും ചെയ്യുന്ന പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനെതിരെ രൂക്ഷ പരിഹാസവും മുകുന്ദന്‍ തൊടുത്തുവിട്ടു.
സി.പി.എം -ബി.ജെ.പി ഡീല്‍ ഉണ്ടെന്ന് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ബാലശങ്കര്‍ പറഞ്ഞത് വെറുതെയാവില്ലെന്ന് ചാനല്‍ അഭിമുഖത്തിലാണ് പി.പി. മുകുന്ദന്‍ വ്യക്തമാക്കിയത്. ''അയാള്‍ (ബാലശങ്കര്‍) അങ്ങനെ വെറുതെ പറയും എന്ന് തോന്നുന്നില്ല. ഒരുമാസമായി ചെങ്ങന്നൂരില്‍ പ്രവൃത്തിക്കുന്ന അദ്ദേഹത്തിന് ഇതുസംബന്ധിച്ച് എന്തെങ്കിലും തെളിവ് കിട്ടിയിട്ടുണ്ടാകും.എന്തായാലും അതേക്കുറിച്ച് അന്വേഷിക്കണം'' -പി.പി. മുകുന്ദന്‍ പറഞ്ഞു.
''ബി.ജെ.പി ഭരണ സാധ്യതയുള്ള ഒരു കക്ഷിയാണെങ്കില്‍ സുരേന്ദ്രന്‍ കോന്നിയിലും മഞ്ചേശ്വരത്തും മത്സരിക്കുന്നു എന്നത് കേള്‍ക്കാന്‍ ഒരു സുഖമുണ്ടാകും. ഇതിപ്പോള്‍ ആവശ്യമില്ലാത്ത ഒരു ചര്‍ച്ചക്ക് ഇടവരുത്തുന്നു എന്ന് മാത്രമാണ് തോന്നുന്നത്. ഉത്തരേന്ത്യന്‍ സ്റ്റൈലില്‍ കേരളത്തില്‍ ഭരണം പിടിച്ചെടുക്കാന്‍ ഉന്നത ചിന്ത വേണം എന്ന തോന്നലില്‍ ഉന്നതത്തില്‍ പോകാനായിരിക്കും കെ. സുരേന്ദ്രന്‍ ഹെലികോപ്ടറില്‍ പോകുന്നത്. സൗകര്യങ്ങള്‍ കൂടുേമ്ബാള് വന്ന വഴി മറക്കാന്‍ പാടില്ല'' -മുകുന്ദന്‍ പരിഹസിച്ചു.
കെ. സുരേന്ദ്രനും ശോഭ സുരേന്ദ്രനും തമ്മിലുള്ള വിഭാഗീയതെയും മുകുന്ദന്‍ വിമര്‍ശിച്ചു. നല്ല വ്യക്തിബന്ധം ഉണ്ടാക്കിയെടുക്കണം. ഏത് സമയത്താണോ അസുഖം വരുന്നത് അത് കണ്ട് ചികിത്സിക്കണം. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നിര്‍ബന്ധ പൂര്‍വം ഉടന്‍ നിര്‍ത്തിയില്ലെങ്കില്‍ കഷ്ടപ്പെട്ട് പ്രവൃത്തിക്കുന്ന പ്രവര്‍ത്തകരുടെ ശാപം ഏല്‍ക്കുന്ന പ്രസ്ഥാനമായി പാര്‍ട്ടി മാറും.
നേമത്ത് തനിക്ക് കിട്ടിയ നിഷ്പക്ഷ വോട്ട് കുമ്മനത്തിന് കിട്ടില്ലെന്ന് ഒ. രാജഗോപാല്‍ പറഞ്ഞത് തമാശയായി കണക്കാക്കിയാല്‍ മതി. അത് കാര്യമാക്കേണ്ട കാര്യമില്ല. നേരത്തെ രാമനും കൃഷ്ണനുമുള്ളതിനാല് പി. ശ്രീരാമകൃഷ്ണന് വോട്ടുചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതുപോലെ കണ്ടാല്‍ മതി.
നേതാക്കള്‍ വ്യത്യസ്ത അഭിപ്രായം പറയരുത്. ലീഗിനെ ചേര്‍ക്കാം എന്ന് ഒരുേസ്റ്റജില് ഒരാള്‍ പറയുന്നു, ചേര്‍ക്കാന്‍ പാടില്ലെന്ന് അതേ സ്റ്റേജില്‍ മറ്റൊരാള്‍ പറയുന്നു. ഇ. ശ്രീധരനെ മുഖ്യമന്ത്രിയാക്കാമെന്ന് ഒരിക്കല്‍ പറയുന്നു. പറ്റില്ലെന്ന് മറ്റൊരിക്കല്‍ പറയുന്നു. ഇങ്ങനെ ആലോചനയില്ലാതെ വ്യത്യസ്ത അഭിപ്രായം പറയാന്‍ പാടില്ല. സ്ഥാനമല്ല, പ്രസ്ഥാനമാണ് വലുത്. ''സ്ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ചു നാണം കെട്ടൂ നടക്കുന്നൂ ചിലര്‍'' എന്ന ചൊല്ലു കേട്ടിട്ടില്ലേ? - മുകുന്ദന്‍ ചോദിച്ചു.