റിയാദ്∙ മേയ് 17 മുതൽ രാജ്യത്തെ എല്ലാ രാജ്യാന്തര വിമാനത്താവളങ്ങളും തുറന്നു പ്രവർത്തിപ്പിക്കാൻ സൗദി അറേബ്യ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ജിഎസിഎ) തീരുമാനിച്ചു. മേയ് 17 മുതൽ സർവീസുകൾ ആരംഭിക്കാമെന്നു വിമാനക്കമ്പനികളെ അറിയിച്ചു. ജനുവരി 12ന് പുറത്തിറക്കിയ സർക്കുലർ പ്രകാരം മാർച്ച് 31ന് സർവീസുകൾ പുനരാരംഭിക്കാമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ, കോവിഡ് വാക്സീൻ വിതരണം ചെയ്യുന്നതിനു കാലതാമസം നേരിടുന്നതിനാലാണു വിമാനത്താവളങ്ങൾ തുറക്കുന്നത് വീണ്ടും നീട്ടിയത്.
അതേസമയം, കമ്മിറ്റി തീരുമാനിക്കുന്ന രാജ്യങ്ങളിലേക്കുള്ള യാത്രാ നിയന്ത്രണം തുടരും. രണ്ടാം ഘട്ട കോവിഡ് വ്യാപനത്തിന്റെ സാധ്യതയും മുൻനിർത്തിയാണു വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് നീട്ടിയത്. കോവിഡ് വ്യാപനം തടയുന്നതിനു നിർദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം സർവീസ് ആരംഭിക്കേണ്ടതെന്നും സർക്കുലറിൽ പറയുന്നു.