കാസര്‍കോട്: കാസര്‍കോട്ട് എന്‍ എ നെല്ലിക്കുനിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ലീഗില്‍ വിവാദം പുകയുന്നു. ഡി ടി പി ചെയ്ത ടി.ഇ. അബ്ദുല്ലയുടെ പേര് വെട്ടി കൈ അക്ഷരത്തില്‍ എന്‍.എ. നെല്ലിക്കുന്നിന്റെ പേര് എഴുതി ചേര്‍ത്ത ലിസ്റ്റ് പുറത്ത് വന്നതോടെയാണ് വിവാദത്തിന് തുടക്കമായത്. തിരുത്തിയ ലിസ്റ്റ് എന്ന നിലയില്‍ സോഷ്യല്‍ മീഡിയകളില്‍ നടക്കുന്ന പ്രചരണം പാര്‍ട്ടി പ്രവര്‍ത്തകരെ വെട്ടിലാക്കിയിരിക്കുയാണ്. മുസ്ലിം ലീഗ് മല്‍സരിക്കുന്ന 27 മണ്ഡലങ്ങളില്‍ രണ്ടിടത്ത് ഒഴികെ ബാക്കി എല്ലായിടത്തേയും സ്ഥാനാര്‍ത്ഥികളുടെ പേര് ഇതിലുണ്ട്.
കാസര്‍കോടിന് നേരെ മലയാളത്തില്‍ ടൈപ്പ് ചെയ്ത പേര് മാത്രം വെട്ടി പച്ച മഷിയില്‍ എന്‍.എ നെല്ലിക്കുന്ന് എന്ന് എഴുതിയ ലിസ്റ്റാണ് വ്യാപകമായി ഇപ്പോള്‍ പ്രചരിക്കുന്നത്. അവസാനം നിമിഷം വരെ ടി.ഇ. അബ്ദുല്ലക്ക് ഉറപ്പിച്ച സീറ്റ് അവസാന നിമിഷം ആരുടെയോ സമ്മര്‍ദ്ദത്തിന് വഴങ്ങി തിരുത്തുകയായിരുന്നുവെന്നാണ് വാട്സ്‌ആപ്പുകളില്‍ പ്രചരിക്കുന്നത്. ലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഇത് വലിയ പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്.
മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ അംഗങ്ങളായുള്ള കണ്ണൂരിലെയും കാഞ്ഞങ്ങാട്ടേയും വാട്സ് ആപ് ഗ്രൂപ്പുകളിലാണ് 'തിരുത്തിയ' ലിസ്റ്റ് എന്ന പേരില്‍ ലിസ്റ്റ് പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസം വരെ ലീഗ് സംസ്ഥാന നേതൃത്വം ടി ഇ അബുദുള്ളയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്ക് ഇത്തവണ സീറ്റ് ഉറപ്പു നല്‍കിയിരുന്നതാണ്. തിരുത്തല്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഏറ്റവും അവസാനം നിമിഷമാണ് സംഭവിച്ചിരിക്കാനാണ് സാധ്യത.
അതെ സമയം ടി ഇ അബുദുള്ളക്ക് അവസരം ലഭിക്കാതിരിക്കാന്‍ കാസര്‍കോട്ടെ ഒരു മുതിര്‍ന്ന നേതാവ് തന്നെ രംഗത്തിറിങ്ങിയിരുന്നു.
സ്ഥാനാര്‍ത്ഥിയാവാത്തതില്‍ വിഷമമില്ലെന്നും അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി എന്‍.എ നെല്ലിക്കുന്നിന് വേണ്ടി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുമെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കൂടിയായ ടി.ഇ. അബ്ദുല്ലയുടെ പ്രതികരണം. ഏറെ വൈകാരികമാണ് ഇദ്ദേഹത്തിന്റെ പ്രതികരണം:' വാപ്പയുടെ കൈ പിടിച്ചാണ് ഞാന്‍ രാഷ്ട്രീയത്തിലേക്ക് വന്നത്. പാര്‍ട്ടി പറയുന്നത് അനുസരിച്ച് പ്രവര്‍ത്തകരെ സേവിക്കുക എന്ന മാതൃകയാണ് വാപ്പ എനിക്ക് കാണിച്ചു തന്നത്. ആ പാതയില്‍ നിന്ന് ഒരിക്കലും വ്യതിചലിച്ചിട്ടില്ല'-മുന്‍ എംഎല്‍എ. ടി.എ. ഇ. ബ്രാഹിമിന്റെ മകന്‍ കൂടിയായ ടി.ഇ. അബ്ദുല്ല പറഞ്ഞു.
നേരത്തെ എന്‍ എ നെല്ലിക്കുന്നിന് വീണ്ടും അവസരം നല്‍കിയതിനെതിരെ പ്രതിഷേധ സൂചകമായി കരുണ്‍ താപ്പ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം രാജിവെച്ചിരുന്നു. നാടിന് ഒരു മാറ്റവും നല്‍കാതെ ജനങ്ങള്‍ക്കിടയില്‍ എന്തു പറഞ്ഞു ഞങ്ങള്‍ ഇറങ്ങുമെന്ന ചോദ്യവും താപ്പ ഉയര്‍ത്തിയിരുന്നു. കാസര്‍കോട് പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്ന ആവശ്യം യുഡിഎഫ് മുസ്ലിം ലീഗിനോട് ഉന്നയിച്ചിരുന്നു.
എന്‍ എ നെല്ലിക്കുന്നിന് വീണ്ടും അവസരം നല്‍കിയാല്‍ ചെങ്കള, ബദിയടുക്ക പഞ്ചായത്തുകളില്‍ ഗണ്യമായ രീതിയില്‍ വോട്ട് ചോര്‍ച്ച ഉണ്ടാകുമെന്നും യുഡിഎഫ് നേതൃത്വം മുസ്ലിംലീഗിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. യുഡിഎഫ് നേതൃത്വത്തിന്റെയോ കോണ്‍ഗ്രസിന്റെയോ വാക്കുകള്‍ മുഖവിലക്കെടുക്കാതെ ലീഗ് കാസര്‍കോട് തുടരുന്ന വല്യേട്ടന്‍ ഭാവം അംഗീകരിച്ചു നല്‍കാന്‍ സാധിക്കില്ലെന്നാണ് കോണ്‍ഗ്രസിന്റെ പൊതുനിലപാട്.