കാസര്‍കോട് 12374 ആബ്‌സന്റീസ് വോട്ടര്‍മാര്‍

 കാസര്‍കോട്: ആബ്സെന്റീസ് വോട്ടര്‍മാര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് വിതരണം മാര്‍ച്ച്‌ 26 ന് തുടങ്ങും. 80 വയസിനു മുകളിലുള്ള 8092 പേരും ഭിന്നശേഷി വിഭാഗത്തിലെ 4281 പേരും കോവിഡ് 19 സ്ഥിരീകരിച്ച ഒരാളുമുള്‍പ്പെടെ ജില്ലയില്‍ 12374 ആബ്‌സന്റീസ് വോട്ടര്‍മാര്‍ക്കാണ് പോസ്റ്റല്‍ ബാലറ്റിന് അര്‍ഹത.


ആബ്സെന്റീസ് വോട്ടര്‍മാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് നല്‍കാന്‍ 25 ടീമുകളെ നിയോഗിച്ചു. രണ്ട് പോളിങ് ഓഫീസര്‍മാര്‍, ഒരു വീഡിയോഗ്രാഫര്‍, ഒരു മൈക്രോ ഒബ്സര്‍വര്‍, ഒരു പോലീസ് ഓഫീസര്‍ എന്നിവരടങ്ങുന്നതാണ് ടീം. അപേക്ഷിച്ചവര്‍ക്ക് ഏപ്രില്‍ രണ്ട് വരെ പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്യും.


പോസ്റ്റല്‍ ബാലറ്റ് വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യുന്ന ദിവസം ബന്ധപ്പെട്ട സ്ഥാനാര്‍ഥികളെയും ഏജന്റുമാരെയും അറിയിക്കും.


ഇവര്‍ക്ക് ഏഴ് മീറ്റര്‍ മുതല്‍ 10 മീറ്റര്‍ വരെ അകലത്തില്‍ നിന്ന് വോട്ടിങ് നിരീക്ഷിക്കാവുന്നതാണ്. ആബ്സെന്റീസ് വോട്ടര്‍മാര്‍ക്ക് അപേക്ഷാ ഫോം നല്‍കുന്നതിനായി 983 ബിഎല്‍ ഒമാരെയായിരുന്നു ജില്ലയില്‍ ചുമതലപ്പെടുത്തിയിരുന്നത്.


തപാല്‍ വോട്ട് ചെയ്യുമ്ബോള്‍ ശ്രദ്ധിക്കാന്‍


വോട്ട് ചെയ്യുന്നതിന്റെ രഹസ്യ സ്വഭാവം പാലിച്ച്‌ വോട്ടര്‍ക്ക് അവരായിരിക്കുന്ന സ്ഥലത്ത് വെച്ച്‌ തന്നെ വോട്ട് ചെയ്യാം. വോട്ട് ചെയ്തതിന് ശേഷം ബാലറ്റ് പേപ്പര്‍ ചെറിയ കവറിനകത്ത് ഇട്ട്് സമ്മതിദായകന്‍ കവര്‍ ഒട്ടിക്കണം. സത്യപ്രസ്താവനയിലെ സമ്മതിദായകന്റെ ഒപ്പ് പോളിങ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തണം. ഇത് രണ്ടും ഒരു വലിയ കവറിലാക്കി ഒട്ടിച്ച ശേഷം പോളിങ് ഓഫീസര്‍ക്ക് മടക്കി നല്‍കണം.


പോളിങ് സംഘം ഓര്‍മ്മിക്കാന്‍


· തപാല്‍ ബാലറ്റ് പേപ്പര്‍ നല്‍കുന്നതിന് മുമ്ബ് പോളിങ് ഉദ്യോഗസ്ഥര്‍ സമ്മതിദായകന്റെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കണം.


· സമ്മതിദായകന്റെ പേരും തിരിച്ചറിയലിനായി സമര്‍പ്പിക്കുന്ന തിരിച്ചറിയല്‍ രേഖാ വിവരങ്ങളും രേഖപ്പെടുത്തുന്ന രജിസ്റ്ററില്‍ സമ്മതിദായകന്റെ ഒപ്പ് രേഖപ്പെടുത്തണം.


· വോട്ട് ചെയ്തുവെന്ന് രേഖപ്പെടുത്തുന്നതിന് ലിസ്റ്റില്‍ ശരി അടയാളപ്പെടുത്തണം. സമ്മതിദായകന്റെ ക്രമനമ്ബറും ഭാഗനമ്ബറും രേഖപ്പെടുത്തിയ കൗണ്ടര്‍ഫോയില്‍ വേര്‍പ്പെടുത്തി പോളിങ് ഉദ്യോസ്ഥരുടെ സംഘം സുരക്ഷിതമായി സൂക്ഷിക്കണം.


· മറ്റാരുടെയും പ്രേരണയോ സ്വാധീനമോ ഇല്ലാതെ സമ്മതിദായകന്‍ വോട്ടു രേഖപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കുക. വോട്ടിങ്ങിന്റെ രഹസ്യ സ്വഭാവം ഉറപ്പാക്കുക. ഈ പ്രവവര്‍ത്തനങ്ങള്‍ വോട്ടറുടെ മേല്‍വിലാസത്തില്‍ നടക്കുന്നുവെന്ന് ഉറപ്പാക്കണം.


· അന്ധതയോ, ശാരീരിക ബുദ്ധിമുട്ടുകളോ കാരണം ഏതെങ്കിലും സമ്മതിദായകന് വോട്ട് രേഖപ്പെടുത്താന്‍ കഴിയുന്നില്ലെങ്കില്‍ സമ്മതിദാനം രേഖപ്പെടുത്താന്‍ ഒരു മുതിര്‍ന്ന ആളെ അനുവദിക്കാവുന്നതാണ്.


· പോളിങ് ഓഫീസര്‍ ഫോം 13 എ യില്‍ സത്യവാങ്മൂലം വാങ്ങുകയും പോളിങ് ഓഫീസര്‍ തന്നെ അത് സാക്ഷ്യപ്പെടുത്തുകയും വേണം.


· സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തുമ്ബോള്‍ പോളിങ് ഓഫീസറുടെ മുഴുവന്‍ പേരും ഔദ്യോഗിക പദവിയും പോളിങ് ഓഫീസര്‍ എന്നും സാക്ഷ്യപ്പെടുത്തണം.


· കോവിഡ് പോസിറ്റീവായ ആള്‍ ആശുപത്രിയിലാണുള്ളതെങ്കില്‍ അയാളെ ചികിത്സിക്കുന്ന മെഡിക്കല്‍ ഓഫീസര്‍ക്കും സത്യവാങ്മൂലം സാക്ഷ്യപ്പെടുത്താവുന്നതാണ്.


· ഓരോ ആബ്‌സന്റീസ് വോട്ടറില്‍ നിന്നും തിരികെ ലഭിക്കുന്ന എല്ലാ ഫോമുകളും കവറുകളിലാക്കി ഡബിള്‍ പാക്ക് ചെയ്യണം


· ഇലക്ഷന്‍ സാധനങ്ങള്‍ കൈമാറുമ്ബോള്‍ നിര്‍ബന്ധമായും കയ്യുറകള്‍ ധരിക്കണം.


· രേഖകള്‍ വോട്ടര്‍ക്ക് നല്‍കുമ്ബോഴും തിരികെ വാങ്ങുമ്ബോഴും കൈ ശുദ്ധീകരിക്കണം.


· ബാലറ്റ് പേപ്പറും മറ്റ് രേഖകളും ആബ്‌സന്റീസ് വോട്ടറും പോളിങ് ഓഫീസറും മാത്രമേ കൈകാര്യം ചെയ്യാന്‍ പാടുള്ളു.


· പോസ്റ്റല്‍ ബാലറ്റ് അടങ്ങിയ കവറും സത്യപ്രസ്താവനയും മറ്റ് ഫോമുകളും ഒറ്റ കവറിലാക്കി വേണം തിരികെ വാങ്ങാന്‍.


· പോളിങ് ഓഫീസറും സംഘവും കോവിഡ് പ്രതിരോധ സാമഗ്രികളും നിര്‍ബന്ധമായും ധരിക്കണം.


· സമ്മതിദായകന്‍ തപാല്‍ ബാലറ്റില്‍ വോട്ട് രേഖപ്പെടുത്തുന്നതിന്റെ നടപടിക്രമങ്ങള്‍ സമ്മതിദായക അവകാശം വിനിയോഗിക്കുന്നതിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെടാതെ വീഡിയോ ചിത്രീകരണം നടത്തും.


· കോവിഡ് സ്ഥിരീകരിച്ച ആബസ്ന്റീസ് വോട്ടര്‍മാര്‍ക്ക് തപാല്‍ വോട്ട് രേഖപ്പെടുത്തലിനായി നിയോഗിക്കപ്പെടുന്ന പോളിങ് ഉദ്യോഗസ്ഥര്‍ പിപിഇ കിറ്റ് ഉള്‍പ്പെടെയുള്ള വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ ധരിക്കണം.


· സമ്മതിദായകരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തുന്ന ഓരോ ദിവസത്തിന്റെയും അവസാനം തപാല്‍ ബാലറ്റ് പേപ്പറുകള്‍ ഉള്‍ക്കൊള്ളുന്ന ഫോം 13 സി യിലെ കവറുകളും സമ്മതിദായകരുടെ ഒപ്പ്/വിരലടയാളം പതിച്ച ബാലറ്റ് പേപ്പറിന്റെ കൗണ്ടര്‍ ഫോയിലുകള്‍, മറ്റ് വിശദാംശങ്ങള്‍ എന്നിവയും ആബ്‌സന്റീസ് വോട്ടര്‍മാരുടെ തപാല്‍ വോട്ടിങ്ങിനായി ചുമതലപ്പെടുത്തിയിട്ടുള്ള ഉപ വരണാധികാരി ശേഖരിക്കണം. സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ഇവ വരണാധികാരിയുടെ ഓഫീസില്‍ എത്തിക്കാന്‍ ഉപ വരണാധികാരി ശ്രദ്ധിക്കണം.


ജാഗ്രത വേണം ആബ്‌സന്റീസ് വോട്ടര്‍


Previous Post Next Post
Kasaragod Today
Kasaragod Today