ഇന്ന് കേരളത്തിൽ ചൂണ്ടുവിരലിൽ പുരളുക ഒരു ലക്ഷം കുപ്പി വോട്ടുമഷി

 ഒരു കുപ്പിയിൽ പത്തുമില്ലി മഷിയാണുള്ളത്. വോട്ടുചെയ്യാൻ വരുന്ന പൗരന്മാരുടെ ഇടത്തെ കയ്യിന്റെ ചൂണ്ടുവിരലിൽ ഈ മഷി പുരട്ടുക എന്നത് രണ്ടാം പോളിംഗ് ഓഫീസറുടെ കർത്തവ്യമാണ്. വെറും നാൽപതു സെക്കന്റുകൊണ്ട് ഉണങ്ങിത്തീരുന്ന ഈ മഷി, അത്രയെളുപ്പം മായില്ല, മായ്ക്കാനാവില്ല എന്നാണ് സങ്കൽപം. പോളിംഗ് ദിനം കഴിഞ്ഞും ദിവസങ്ങളെടുക്കും അത് താനേ മാഞ്ഞു പോവാൻ.


ഒരാൾ ഒരു വോട്ടിലധികം ചെയ്യുന്നത് തടയുക എന്നതാണ് ഈ മഷി ഇങ്ങനെ കൈവിരലിൽ പുരട്ടുന്നതിന്റെ പ്രധാന ഉദ്ദേശ്യം. കള്ളവോട്ടുകൾ ചെയ്യപ്പെടുന്നത് ഒരു പരിധിവരെ തടയാൻ ഈ സംവിധാനത്തിനാകും എന്നാണ് വിശ്വാസം.ബാലറ്റിൽ നിന്ന് പോളിംഗ് ഇലക്ട്രോണിക് വോട്ടിങ് മെഷീനിലേക്ക് ചുവടുമാറിയിട്ടും പഴയ മഷിക്ക് ഒരു പകരക്കാരൻ എത്തിയിട്ടില്ല ഇതുവരെ.


കേരളത്തിലെ 40,771 പോളിംഗ് ബൂത്തുകളിൽ ഉപയോഗിക്കാൻ വേണ്ടി, ത്തരത്തിലുള്ള ഒരു ലക്ഷത്തിൽ പരം കുപ്പി, കൃത്യമായി പറഞ്ഞാൽ 1,01,928 കുപ്പി, 'മായാ' മഷിയാണ് (indelible ink) തിരഞ്ഞെടുപ്പ് കമ്മീഷൻ, ബംഗളുരുവിലെ കർണാടക സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മൈസൂരു പെയ്ന്റ് ആൻഡ് വാർണിഷ് കമ്പനിയിൽ നിന്ന് കൈപ്പറ്റിയിട്ടുള്ളത്. ഈ ഒരേയൊരു സ്ഥാപനത്തിന് മാത്രമാണ് ഇന്ത്യയിൽ ഈ മഷി നിർമിക്കാനുള്ള അനുവാദമുള്ളത്. 


പഴയ മൈസൂരു രാജാവ് കൃഷ്ണരാജ വാഡിയാരുടെ പേരിൽ 1937 -ൽ മൈസൂർ ലാക് ആൻഡ് പെയിന്റ്സ് എന്നപേരിലാണ് ഈ സ്ഥാപനം ആദ്യം തുടങ്ങുന്നത്. സ്വാതന്ത്ര്യാനന്തരം ദേശസാൽക്കരിക്കപ്പെട്ട ഈ സ്ഥാപനത്തിന് 1989 -ലാണ് ഇന്നത്തെ പേര് കിട്ടുന്നത്. 1962 -ലെ ലോക്സഭാ തെരഞ്ഞെടുപ്പിലാണ് ആദ്യമായി മായാത്ത മഷി പുരട്ടുന്ന കീഴ്വഴക്കം തുടങ്ങുന്നത്. അതിനു ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ഈ മഷി വോട്ടർമാരുടെ വിരലുകളിൽ പുരണ്ടിട്ടുണ്ട്. നാഷണൽ ഫിസിക്കൽ ലബോറട്ടറി ഓഫ് ഇന്ത്യയിൽ വികസിപ്പിക്കപ്പെട്ട ഒരു ഫോർമുലയാണ് ഈ വിശേഷപ്പെട്ട വോട്ടിങ് മഷിക്ക് ഉള്ളത്. നാട്ടിലെ ഉപയോഗത്തിന് പുറമെ 25 രാജ്യങ്ങളിലേക്ക് ഈ മഷി കയറ്റി അയക്കപ്പെടുകയും ചെയ്യുന്നുണ്ട്.


Previous Post Next Post
Kasaragod Today
Kasaragod Today