ഇറാനിലെ ആണവകേന്ദ്രത്തിലെ ഇസ്രായേല്‍ ആക്രമണം: പ്രതികാരം ചെയ്യുമെന്ന് ഇറാന്‍

 ടെഹ്റന്‍: ഇറാനിലെ പ്രധാന ആണവകേന്ദ്രങ്ങളിലൊന്നായ നതാന്‍സില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങള്‍ക്കെതിരെ പ്രതികാരം ചെയ്യുമെന്ന് വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് അറിയിച്ചു. ഒപ്പം നിലവില്‍ തകര്‍ക്കപ്പെട്ട ആണവനിലയം മുന്‍പത്തേതിനെക്കാള്‍ ശക്തമായി നിര്‍മ്മിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ലോകശക്തികളുമായുള്ള ഇറാന്റെ ഉന്നതതല ആണവ ചര്‍ച്ചകള്‍ അവസാനിപ്പിക്കില്ല. എന്നാല്‍ ഇറാനുമേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം നീക്കുന്നതിനുള്ള ശ്രമങ്ങള്‍ തടയാന്‍ ശ്രമിക്കുമെന്ന് ഇസ്രായേല്‍ ഉന്നത ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം നടത്തിയ സ്വകാര്യകൂടിക്കാഴ്ചയില്‍ ചൂണ്ടിക്കാട്ടിയിരുന്നതായാണ് വിവരം. നതാന്‍സിലെ ആണവ നിലയത്തില്‍ തിങ്കളാഴ്ചതന്നെ അടിയന്തര വൈദ്യുതി സംവിധാനം ഏര്‍പ്പെടുത്തിയതായി അറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ മേധാവി അലി അക്ബര്‍ സലേഹി അറിയിച്ചു. നതാന്‍സിലെ സമ്ബുഷ്ടീകരണം നിറുത്തിവച്ചിട്ടില്ല. അത് ശക്തമായി തുടരുകയാണ്. എന്നിരുന്നാലും പ്രവര്‍ത്തനം നിലച്ച ചില മിഷ്യനുകള്‍ പുനസ്ഥാപിക്കേണ്ടതുണ്ട്.


ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്രായേല്‍ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും പ്രാദേശിക മാദ്ധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നതിനെതിരെ ഇസ്രായേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.


അതേസമയം, ആണവനിലയത്തില്‍ വൈദ്യുതി സംവിധാനത്തെ തടസ്സപ്പെടുത്തിയെന്ന് കരുതുന്ന വ്യക്തിയെ പിടികൂടിയതായി രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച്‌ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നതാന്‍സിലെ ആക്രമണത്തെ നിയമപരമായി നേരിടാന്‍ അന്താരാഷ്ട്ര അധികാരികളുമായും ഐക്യരാഷ്ട്രസഭയുമായും ചര്‍ച്ചനടത്തിയിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.


ഇറാന്‍, ചൈന, ഫ്രാന്‍സ്, ജര്‍മ്മനി, റഷ്യ, യു.കെ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളുമായി ആണവചര്‍ച്ചകളുടെ ഒന്നാംഘട്ടം വിയന്നയില്‍ നടന്നിരുന്നു. മുന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനുമേല്‍ ചുമത്തിയ ഉപരോധം നീക്കുന്നതുവരെ നേരിട്ട് ചര്‍ച്ച നടത്തില്ലെന്ന് ഇറാന്‍ അറിയിച്ചതിനാല്‍ ആണവ ചര്‍ച്ചയില്‍ യൂറോപ്യന്‍ പ്രതിനിധികളുമായി സന്ദേശങ്ങള്‍ കൈമാറിയിരുന്നു. ആണവസംപുഷ്ടീകരണത്തിന്റെ ഭാഗമായി നൂതന സംവിധാനത്തോടുകൂടിയ മിഷ്യനുകള്‍ സ്ഥാപിച്ചതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. എന്നാല്‍ ആണവനിലയങ്ങളില്‍ തുടരെ ആക്രമണം ഉണ്ടാകുന്നത് ഇവ സംരക്ഷിക്കുന്നതില്‍ ഇറാന്റെ പോരായ്മയായാണ് കണക്കാക്കുന്നത്.


2020 ജൂണില്‍ നതാന്‍സില്‍ സമാനമായ രീതിയില്‍ നടന്ന ആക്രമണത്തില്‍ വന്‍ തീപിടിത്തം സംഭവിച്ചിരുന്നു. ഇതിനുപിന്നില്‍ ഇസ്രായേലാണെന്ന വാദം ശക്തമായിരുന്നു. ഒരു ദശാബ്ദത്തോളമായി ഇറാനും ഇസ്രായേലും തമ്മില്‍ ഇത്തരത്തില്‍ ആക്രമണങ്ങള്‍ നടക്കുന്നത് പതിവായിരിക്കുകയാണ്.


Previous Post Next Post
Kasaragod Today
Kasaragod Today