ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്ന, കാസർകോട് ജില്ലാ ഭരണകൂടത്തിന്റെ നടപടിവിഡ്ഢിത്തമെന്ന് മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ്

 കാസർകോട്: ജില്ലയിൽ സഞ്ചരിക്കണമെങ്കിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ, വാക്‌സിൻ സർട്ടിഫിക്കറ്റോ നിർബന്ധമാക്കി കൊണ്ടുള്ള കാസർകോട് ജില്ലാ കളക്‌ടറുടെ ഉത്തരവ് വിവാദത്തിൽ. കളക്‌ടർ സജിത്ത് ബാബു തുഗ്ളക്പരിഷ്‌കാരമാണ് നടപ്പിലാക്കുന്നതെന്നാണ് പൊതുജനങ്ങളിൽ നിന്നടക്കം ഉയരുന്ന പരാമർശം. സംഭവത്തെ വിവേകശൂന്യം എന്ന് വിശേഷിപ്പിച്ച് സ്ഥലം എംഎൽഎ എൻ.എ നെല്ലിക്കുന്ന് ചീഫ് സെക്രട്ടറിക്ക് പരാതി നൽകി.കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ, കുമ്പള, ഉപ്പള എന്നിവിടങ്ങളിലേക്ക് പ്രവേശിക്കണമെങ്കിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ, വാക്‌സിൻ സർട്ടിഫിക്കറ്റോ നിർബന്ധമാണെന്നാണ് ജില്ലാ ദുരന്തര നിവാരണ അതോറിറ്റി വിഭാഗം തലവൻ കൂടിയായ കളക്‌ടറുടെ ഉത്തരവ്. എന്നാൽ റംസാൻ കാലമായതിനാൽ ഈ 'പരിഷ്‌കാരം' വ്യാപാര സമൂഹത്തെയും കാതലായി ബാധിക്കുമെന്ന പരാതിയാണുള്ളത്. തീരുമാനമെടുക്കും മുമ്പ് സജിത്ത് ബാബു തങ്ങളുടെ അഭിപ്രായം പോലും കേട്ടിരുന്നില്ലെന്നും വ്യാപാരി സംഘടനകൾ പറയുന്നു.

സജിത്ത് ബാബുവിന്റെ ഉത്തരവിനെ വിഡ്ഢിത്തമെന്നാണ് മുൻ ഡിജിപി ജേക്കബ് പുന്നൂസ് വിശേഷിപ്പിച്ചത്. ഇത്തരത്തിൽ ഒരു ഉത്തരവ് ഇറങ്ങിയിട്ടുണ്ടെങ്കിൽ ബുദ്ധി ശൂന്യമാണെന്നും, ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടുള്ള നടപടികൾ മനുഷ്യത്വ രഹിതമാണെന്നും പുന്നൂസ് അഭിപ്രായപ്പെട്ടു.അതേസമയം, ജില്ലയിൽ കൊവിഡ് വ്യാപനം കലശലാണെന്നും ജില്ലയിലുള്ള നാല് ആശുപത്രികളിലായി 200 കിടക്കകൾ മാത്രമാണുള്ളതുകൊണ്ടാണ് കടുത്ത നടപടികൾ സ്വീകരിച്ചതെന്ന് പ്രതികരിച്ച കളക്‌ടർ, ഉത്തരവ് തിരുത്തുമെന്ന് വ്യക്തമാക്കി.


Previous Post Next Post
Kasaragod Today
Kasaragod Today