ന്യൂഡല്‍ഹി : രാജ്യത്ത് വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഓക്‌സിജന്‍ വിതരണം ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഇതുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ ഉത്തരവ് വ്യാഴാഴ്ച മുതല്‍ നിലവില്‍ വരും.
രാവിലെ വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഓക്‌സിജന്‍ വിതരണം ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം ഒന്‍പത് വ്യവസായങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.
നിലവില്‍ രാജ്യത്തെ കൊറോണ ആശുപത്രികളെല്ലാം രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പല ആശുപത്രികളിലും ഓക്‌സിജന്‍ സിലിണ്ടറുകളുടെ ക്ഷാമം നേരിടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വ്യവസായങ്ങള്‍ക്ക് ഓക്‌സിജന്‍ നല്‍കുന്നത് നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.