പൊയിനാച്ചി: വാഹനാപകടത്തിൽ മരിച്ച ഹൊസ്ദുർഗ് ജില്ലാ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് എം. ശ്രീനിവാസന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ ജയിൽ ഡി.ജി.പി. ഋഷിരാജ് സിങ് എത്തി. ചൊവാഴ്ച വൈകീട്ട് 5.15-നാണ് അദ്ദേഹം മേൽബാര ആടിയം ചിദംബരം വായനശാലയ്ക്കടുത്ത ഇന്ദീവരത്തിൽ എത്തിയത്.ചീമേനി തുറന്ന ജയിൽ സൂപ്രണ്ട് അശോകൻ അരിപ്പ, ജോയിൻറ്് സൂപ്രണ്ട് ജയകുമാർ, വെൽഫയർ ഓഫീസർ വിനോദ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ശ്രീനിവാസന്റെ ഭാര്യ കെ. ലതാകുമാരി, മക്കളായ തമിഴ്നാട് കേന്ദ്രസർവകലാശാല വിദ്യാർഥിനി നമിത, കാസർകോട് കേന്ദ്രീയവിദ്യാലയം ഒൻപതാം ക്ലാസ് വിദ്യാർഥിനി നന്ദിത എന്നിവരെ ഋഷിരാജ് സിങ് ആശ്വസിപ്പിച്ചു. വാഹനാപകടക്കേസിലും ആശ്രിതനിയമനത്തിലും ജയിൽവകുപ്പിന്റെ സഹായം കുടുംബത്തിന് ഉറപ്പുനൽകി.
കുടുംബാംഗങ്ങളുമായി അരമണിക്കൂറോളം ചെലവഴിച്ചശേഷം അദ്ദേഹം കോഴിക്കോട്ടേക്ക് പോയി. വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ശ്രീനിവാസനെ പെരിയക്കടുത്ത് കുണിയ ദേശീയപാതയിൽവെച്ച് എതിരേ വന്ന കാറിടിച്ചത്.