മഞ്ചേശ്വരത്ത് പൊടിപാറും മത്സരം: ഫലം പ്രവചനാതീതം, പ്രചരണത്തിൽ മുന്നേറി യു ഡി എഫ്

 കാഞ്ഞങ്ങാട്: കേരളത്തിന്റെ വടക്കേയറ്റത്തെ മണ്ഡലമായ മഞ്ചേശ്വരത്ത് ചുവടുറപ്പിക്കാനുള്ള ബിജെപി സ്ഥാനാർത്ഥി കെ. സുരേന്ദ്രന്റെ ശ്രമങ്ങൾ അനായാസമാകില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ. ഉത്തര കേരളത്തിൽ നിന്നും നിയമസഭയിലെത്താനുള്ള കെ. സുരേന്ദ്രന്റെ ശ്രമങ്ങൾ വെല്ലുവിളിയാകുന്നത്, ന്യൂനപക്ഷ വിഭാഗങ്ങളുടെ ബിജെപി ഭയമാണെന്നാണ് സൂചനകൾ. മഞ്ചേശ്വരം മണ്ഡലത്തിൽ അടിയുറച്ച വേരുകളുള്ള ഏ. കെ. എം. അഷ്റഫുമായിട്ടാണ് ബിജെപി സ്ഥാനാർത്ഥിയും, ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ. സുരേന്ദ്രന്റെ നേരിട്ടുള്ള മത്സരം.


മഞ്ചേശ്വരത്തെ വോട്ടിങ്ങ് നിലയിൽ മൂന്നാം സ്ഥാനത്തുള്ള ഇടതു മുന്നണിയുടെ സ്ഥാനാർത്ഥി വി. വി. രമേശനും മത്സര രംഗത്ത് സജീവമായിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് മഞ്ചേശ്വരം മണ്ഡലത്തിലെ വോട്ടർമാരെ ഇളക്കി മറിക്കാൻ വി. വി. രമേശന് കഴിഞ്ഞിട്ടുണ്ട്. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതു മുതൽ മഞ്ചേശ്വരം മണ്ഡലത്തിൽ തമ്പടിച്ച ഇടതു സ്ഥാനാർത്ഥി വി. വി. രമേശൻ മഞ്ചേശ്വരം മണ്ഡലത്തിന്റെ മുക്കിയിലും, മൂലയിലുമെത്തി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിക്കഴിഞ്ഞു.


മണ്ഡലത്തിലുള്ളവർക്ക് ഏറെ സുപരിചിതനായ യുഡിഎഫ് സ്ഥാനാർത്ഥി ഏ. കെ. എം. അഷ്റഫും പ്രചാരണത്തിൽ ബഹുദൂരം മുന്നേറിയിട്ടുണ്ട്. മഞ്ചേശ്വരത്തും, കോന്നിയിലും മത്സരിക്കുന്നതിൽ കെ. സുരേന്ദ്രൻ മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ അത്ര സജീവമല്ല.  മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ എൽഡിഎഫും, യുഡിഎഫും തമ്മിലുള്ള വോട്ട് വ്യത്യാസം ഒമ്പതിനായിരമാണ്. ബിജെപിയും, യുഡിഎഫും തമ്മിലുള്ള വോട്ട് വ്യത്യാസം ഏഴായിരവും. 9000 വോട്ടിന്റെ ലീഡ് മറികടന്ന് മഞ്ചേശ്വരത്ത് എൽഡിഎഫ് സ്ഥാനാർത്ഥി ജയിക്കണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണം.


തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മൊഗ്രാലിലെത്തിയ മുഖ്യമന്ത്രിയെ കേൾക്കാൻ വൻജനക്കൂട്ടം എത്തിയിരുന്നു. പിണറായി സർക്കാറിന്റെ ജനക്ഷേമ നടപടികൾ എൽഡിഎഫിന് അനുകൂലമായാൽ മഞ്ചേശ്വരത്ത് ഇക്കുറി അത്ഭുതങ്ങൾ സംഭവിച്ചേക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.  തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഇടതു മുന്നണിക്ക് ഇതുവരെയില്ലാത്ത ആവേശം ഇത്തവണ മഞ്ചേശ്വരം മണ്ഡലത്തിൽ പ്രകടമായി കാണാന്നുണ്ട്. ന്യൂനപക്ഷ സമുദാടയങ്ങൾക്ക് ബിജെപയോടുള്ള ഭയം മുതയെടുക്കാനാണ് യുഡിഎഫിന്റെ സ്ഥാനാർത്ഥിയുടെ ശ്രമം. ഈ തന്ത്രം പയറ്റി ബിജെപി സ്ഥാനാർത്ഥിയുടെ വിജയ സാധ്യത ഇല്ലാതാക്കമെന്നും യുഡിഎഫ് പ്രതീക്ഷിക്കുന്നു.


മഞ്ചേശ്വരം മണ്ഡലത്തിലെ ന്യൂനപക്ഷ സമുദായാംഗങ്ങൾക്കിടയിൽ സ്വാധീനമുണ്ടാക്കാൻ ഇടതുമുന്നണി സ്ഥാനാർത്ഥി വി. വി. രമേശന് കഴിഞ്ഞിട്ടുണ്ട്. ഈ ജന സ്വാധീനം വോട്ടായി മാറുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. സംസ്ഥാന അധ്യക്ഷനായ കെ. സുരേന്ദ്രൻ കോന്നിക്ക് പുറമെ മഞ്ചേശ്വരം നിയോജക മണ്ഡലത്തിലും മത്സരിക്കുന്നതിൽ മണ്ഡലത്തിലെ ഒരു വിഭാഗം ബിജെപി പ്രവർത്തകർക്ക് അമർഷമുണ്ട്. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ ബിജെപി വോട്ടുകൾ എം. സി. ഖമറുദ്ദീന് നൽകിയ സാഹചര്യം ഇത്തവണ ഉണ്ടായാൽ കെ. സുരേന്ദ്രന്റെ വിജയ സാധ്യതകളെ അത് ബാധിക്കും.


2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിലെ പി. ബി. അബ്ദുൾ റസാഖിനോട് 89 വോട്ടന് തോറ്റ സുരേന്ദ്രൻ മഞ്ചേശ്വരത്ത് വീണ്ടും മത്സരത്തിനെത്തുന്നത് ഒരു തവണ കൂടി ഭാഗ്യം പരീക്ഷിക്കാനാണെങ്കിലും, സുരേന്ദ്രന് അത്രയെളുപ്പം മണ്ഡലത്തിൽ നിന്ന് കരകയറാൻ കഴിയില്ലെന്നാണ് മണ്ഡലത്തിലെ രാഷ്ട്രീയ അടിയൊഴുക്കുകൾ വഴി വ്യക്തമാകുന്നത്. മഞ്ചേശ്വരം സുരേന്ദ്രന്റെ വാട്ടർലൂ ആയിരിക്കുമെന്നും രാഷ്ട്രീയ നിരീക്ഷകർ പ്രവചിക്കുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today