കാസര്‍കോട്: ദേശീയ ഹരിത ട്രിബ്യൂണലിന്റെ ദക്ഷിണമേഖലാ ബെഞ്ചിന്റെ ഉത്തരവ് പ്രകാരം ഓപ്പറേഷന്‍ ഗ്രീനിന് കാസര്‍കോടും തുടക്കമായി. ഉയര്‍ന്ന തോതില്‍ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന പുക വമിച്ച് പോവുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കാനാണ് ട്രിബ്യൂണല്‍ ഉത്തരവിട്ടിരുന്നത്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 30 വരെ കാസര്‍കോട് മോട്ടോര്‍ വാഹന വകുപ്പ് 'ഓപ്പറേഷന്‍ ഗ്രീന്‍ അവയര്‍നെസ്' എന്ന പേരില്‍ പ്രത്യേക വാഹന പരിശോധനകള്‍ നടത്തും. മെയ് മാസം മുതല്‍ തുടര്‍ന്നുള്ള മാസങ്ങളിലെ എല്ലാ രണ്ടാമത്തെ ആഴ്ചകളിലും ഈ പരിശോധന തുടരും.
മോട്ടോര്‍ വാഹന ചട്ടം 115 (7) പ്രകാരം എല്ലാ വാഹനങ്ങളിലും ഗവ.
അംഗീകൃത കേന്ദ്രങ്ങളില്‍ പരിശോധിച്ച പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. മോട്ടോര്‍ വാഹന ചട്ടം 116 (1) അനുസരിച്ചു ഒരു വാഹന പരിശോധനാ ഉദ്യോഗസ്ഥന്‍ പി.യു.സി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടാല്‍ ആയത് വാഹന പരിശോധനാ ദിവസം മുതല്‍ 7 ദിവസത്തിനകം ഹാജരാക്കിയിരിക്കണം. മോട്ടോര്‍ വാഹന ചട്ടം 116 (6) : നിശ്ചിത സമയ പരിധിക്കുള്ളില്‍ (7 ദിവസം) പി.യു.സി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിലോ / അല്ലെങ്കില്‍ ടെസ്റ്റില്‍ പരാജയപ്പെട്ട സര്‍ട്ടിഫിക്കറ്റ് ഹാജാക്കുകയോ ചെയ്താല്‍ മോട്ടോര്‍ വാഹന നിയമം 190 (2) പ്രകാരം : ആദ്യ തവണ 2000 രൂപ പിഴയോ 3 മാസം വരെ ഉള്ള തടവോ അല്ലെങ്കില്‍ രണ്ടും കൂടിയോ അല്ലെങ്കില്‍ മേല്‍പ്പറഞ്ഞവ കൂടാതെ 3 മാസം വരെ ലൈസന്‍സിന് അയോഗ്യത കല്‍പ്പിക്കുകയോ ആവാം. കുറ്റം ആവര്‍ത്തിച്ചാല്‍ 10000 രൂപ പിഴയോ 6 മാസം വരെ ഉള്ള തടവോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കും. 7 ദിവസത്തിനുള്ളില്‍ കാണിക്കുന്നത് നിശ്ചിത വായു നിലവാരമുള്ള പി.യു.സി സര്‍ട്ടിഫിക്കറ്റാണെങ്കില്‍ വകുപ്പ് 177 പ്രകാരം 250 രൂപ അടക്കേണ്ടി വരും. മോട്ടോര്‍ വാഹന ചട്ടം 116 (8) : നിശ്ചിത സമയ പരിധിക്കുള്ളില്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ ആ വാഹനത്തിന്റെ ആര്‍.സി. സസ്‌പെന്റ് ചെയ്യാനുള്ള അധികാരം രജിസ്റ്ററിംഗ് അതോറിറ്റിക്ക് ഉണ്ട്. കൃത്യമായ ഇടവേളകളില്‍ നമ്മുടെ വാഹനത്തിന്റെ എന്‍ജിന്‍ ഓയില്‍, എയര്‍ ഫില്‍റ്റര്‍, ഫ്യൂവല്‍ ഫില്‍റ്റര്‍ എന്നിവ മാറുക. കാലപ്പഴക്കം കാരണം എന്‍ജിനിലുള്ള തേയ്മാനം വന്ന ഭാഗങ്ങള്‍ മാറ്റിയിടുക. നമ്മുടെയും ഭാവി തലമുറയുടെയും നല്ലതിനായി ഗുണനിലവാരമുള്ള അന്തരീക്ഷവായു കൂടിയേ തീരൂ എന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ടി.എം. ജഴ്‌സണ്‍ നിര്‍ദേശിച്ചു.
നില്‍പ്പ് യാത്രകള്‍ക്ക് വിലക്ക്
കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സ്വകാര്യ ബസുകളിലും കെ.എസ്.ആര്‍.ടി.സി ബസുകളിലും, നില്‍പ് യാത്രകള്‍ക്ക് വിലക്ക്. പരമാവധി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് യാത്ര ചെയ്യുന്നതിന് എല്ലാവരും ശ്രദ്ധിക്കണമെന്ന് കാസര്‍കോട് എന്‍ഫോഴ്‌സമെന്റ് ആര്‍.ടി.ഒ. ജഴ്‌സണിന്റെ നിര്‍ദേശപ്രകാരം ബസ് ജീവനക്കാര്‍ക്ക് ബോധവത്ക്കരണം നടത്തി. തുടര്‍ന്നും പരിശോധന ശക്തമാക്കുമെന്നും അറിയിച്ചു.