ചെറുവത്തൂർ:- മൂന്ന് മക്കളെയുപേക്ഷിച്ച് കാമുകനൊപ്പം വീടുവിട്ട ഭർതൃമതിയെ വയനാട്ടിലെ വാടക ക്വാർട്ടേഴ്സിൽ കണ്ടെത്തി. മാർച്ച് 13 ന് ചെറുവത്തൂർ കണ്ണങ്കുളത്ത് നിന്നും കാണാതായ ഭർതൃമതിയെയാണ് തിമിരി സ്വദേശിയായ കാമുകനൊപ്പം ചന്തേര പോലീസ് വയനാട് ഒാടങ്ങാട്ടെ വാടക ക്വാർട്ടേഴ്സിൽ നിന്നും കണ്ടെത്തിയത്.
കണ്ണങ്കുളം മൂത്തല ഹൗസിലെ ഗോവിന്ദന്റെ ഭാര്യ സുചിത്രയാണ് 36, മാർച്ച് 13 ന് തിമിരി ബാങ്ക് ഹെഡ്ഒാഫീസിന് സമീപത്തെ പെയിന്റിങ്ങ് തൊഴിലാളി പി. പി. ഷിജുവിനൊപ്പം 36, വീടുവിട്ടത്. രണ്ട് പെൺമക്കളുടെയും, ഒരു ആൺകുട്ടിയുടെയും മാതാവായ സുചിത്ര കുടുംബശ്രീ യോഗത്തിനെന്ന് പറഞ്ഞാണ് മാർച്ച് 13 ന് വീട്ടിൽ നിന്നും പുറപ്പെട്ടത്. സുചിത്രയെ കാണാനില്ലെന്ന പരാതിയിൽ ചന്തേര പോലീസും, ഷിജുവിനെ കാണാനില്ലെന്ന പരാതിയിൽ ചീമേനി പോലീസും കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് ഇരുവരും വയനാട്ടിലുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചത്.
ചന്തേര അഡീഷണൽ എസ്ഐ, ടി. പി. സുവർണ്ണൻ, സീനിയർ സിവിൽ പോലീസ് ഒാഫീസർ ഷൈജു വെള്ളൂർ, സിവിൽ പോലീസ് ഒാഫീസർ രേഷ്മ എന്നിവരടങ്ങുന്ന സംഘമാണ് സുചിത്രയെ ഇന്നലെ വയനാട്ടിലെ താമസസ്ഥലത്തു നിന്നും കസ്റ്റഡിയിലെടുത്തത്.
ഇന്നലെ ചന്തേര സ്റ്റേഷനിലെത്തിച്ച സുചിത്രയെ കാണാൻ ഭർത്താവ് ഗോവിന്ദനും മക്കളുമെത്തിയിരുന്നെങ്കിലും സുചിത്ര ഇവരെയൊന്നും ഗൗനിക്കാതെ കാമുകനൊപ്പം ജീവിക്കണമെന്ന് വാശി പിടിക്കുകയായിരുന്നു. ഇന്നലെ കോടതിയിൽ ഹാജരാക്കിയപ്പോഴും സുചിത്ര ഇതേ നിലപാട് തന്നെ സ്വീകരിച്ചു. മക്കളെ ഉപേക്ഷിച്ചതിന് സുചിത്രയ്ക്കെതിരെ കേസെടുത്തിട്ടുള്ളതിനാൽ ഇവരെ കണ്ണൂർ വനിതാ ജയിലിലേക്ക് മാറ്റി. സുചിത്രയുടെ കാമുകനായ പി. പി. ഷിജുവിനെ ചീമേനി പോലീസ് കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയിരുന്നു. കോടതി യുവാവിനെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.