കാസർകോട് ∙ നഗരത്തിലും ഉൾപ്രദേശങ്ങളിലും എടിഎമ്മുകളിൽ പണം പിൻവലിക്കാൻ വരുന്ന ആളുകൾക്കായി സാനിറ്റൈസർ ബോട്ടിലുകൾ സൂക്ഷിക്കുന്നില്ലെന്ന് പരാതി വ്യാപകം. ചില ബാങ്ക് എടിഎമ്മുകൾ ഇക്കാര്യം കൃത്യമായി ശ്രദ്ധിക്കുമ്പോൾ മറ്റു ചിലവ കടുത്ത ജാഗ്രതക്കുറവാണ് ഇക്കാര്യത്തിൽ കാണിക്കുന്നത്. കോവിഡ് വ്യാപനം ശക്തമായതോടെ ദേശസാൽകൃത ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ,
ചെറുകിട ധനകാര്യ ബാങ്കുകൾ എന്നിവയുടെയെല്ലാം എടിഎമ്മുകളിൽ അണുനാശിനി തളിക്കാനും ഹാൻഡ് സാനിറ്റൈസർ സൂക്ഷിക്കാനും നിർദേശം നൽകിയിരുന്നു. എന്നാൽ മിക്ക എടിഎമ്മുകളിലും സാനിറ്റൈസറിന്റെ ഒഴിഞ്ഞ കുപ്പികൾ മാത്രമാണ് ഉള്ളത്. ബാങ്ക് ശാഖകളുടെ സമീപത്ത് സ്ഥിതി ചെയ്യുന്ന എടിഎമ്മുകളിൽ മാത്രമാണ് സാനിറ്റൈസർ വച്ചിട്ടുള്ളത്. നഗരപരിസരത്തെ പ്രധാന ജംക്‌ഷനുകളിലൊന്നിനു സമീപത്തെ എടിഎമ്മിൽ ആഴ്ചകളായി സാനിറ്റൈസർ ഇല്ലെന്ന് ഇടപാടുകാരനായ മനോജ് പരാതിപ്പെട്ടുമാർക്കറ്റുകളോടു ചേർന്ന എടിഎം സെന്റർ ആയതിനാൽ പച്ചക്കറികളും പലചരക്കുകളും വാങ്ങാനെത്തുന്നവർ കൂടുതലായി ഉപയോഗിക്കുന്ന എടിഎം കൗണ്ടറാണിത്. കോവിഡ് പകരുന്നതു തടയുന്നതിനു ജാഗ്രത പാലിക്കുന്നവർ ഇവിടെ എത്തി എടിഎം ഉപയോഗിക്കാതെ മടങ്ങിപ്പോകുന്നു. അല്ലാത്തവർ യാതൊരു സുരക്ഷയുമില്ലാത്ത ഈ എടിഎം ഉപയോഗിക്കുകയും ചെയ്യുന്നു. അതേ സമയം എടിഎം കൗണ്ടറുകളിലെ സാനിറ്റൈസർ ബോട്ടിലുകൾ മോഷണം പോകുന്നതു പതിവാണെന്ന് ബാങ്കുകളും പരാതിപ്പെടുന്നുണ്ട്.