കാസര്‍കോട്: പട്ടാപ്പകല്‍ വീട്ടില്‍ നിന്ന് കവര്‍ന്ന ആഭരണങ്ങളും പണവും മൊബൈല്‍ ഫോണുമായി കുപ്രസിദ്ധ മോഷ്‌ടാവ് അറസ്റ്റില്‍. നെല്ലിക്കട്ട, പാലത്തടുക്ക, മായിലപ്പള്ളത്തെ പി എം നവാസ് എന്ന കെ ഡി നവാസി (38)നെയാണ് വിദ്യാനഗര്‍ ഇന്‍സ്‌പെക്‌ടര്‍ ശ്രീജിത്ത് കൊടേരിയും സംഘവും ദിവസങ്ങള്‍ക്കകം അറസ്റ്റ് ചെയ്‌തത്. ഈ മാസം 20ന് പകല്‍ 9.30നും 12.30നും മദ്ധ്യേ എടനീര്‍, പെര്‍ഡാല മൂലയിലെ രമേശിന്റെ ഭാര്യ ചന്ദ്രകലയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അടുക്കള ഭാഗത്തെ വാതിലിന്റെ പൂട്ടു തകര്‍ത്ത് അകത്ത് കടന്ന മോഷ്‌ടാവ് അലമാര കുത്തിത്തുറന്നാണ് കവര്‍ച്ച നടത്തിയത്. മൂന്നര പവന്‍ സ്വര്‍ണ്ണം, ഒരു ജോഡി വെള്ളി നിര്‍മ്മിത പാദസ്സരം, 5000 രൂപ എന്നിവയാണ് മോഷണം പോയത്. വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് നേരത്തെ നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ യുവാവ് നെല്ലിക്കട്ടയിലും മറ്റും കറങ്ങി നടക്കുന്നതായുള്ള വിവരം പൊലീസിന് ലഭിച്ചത്. ഇന്നലെ സന്ധ്യയോടെ ഇന്‍സ്‌പെക്‌ടറുടെ നേതൃത്വത്തില്‍ എ എസ് ഐ രാജേഷ്, പൊലീസുകാരായ സിയാദ്, നിഷാന്ത് എന്നിവര്‍ സ്ഥലത്തെത്തി. പൊലീസിനെ കണ്ടപ്പോള്‍ ഓടി രക്ഷപ്പെട്ട നവാസിനെ പിന്തുടര്‍ന്നാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം, ബദിയഡുക്ക സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ നേരത്തെ 25 ല്‍ അധികം മോഷണ കേസുകള്‍ ഉണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി. മോഷണ കേസില്‍ ഒന്‍പതു വര്‍ഷത്തെ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ നവാസ് കുറച്ചു കാലം എര്‍വാടിയില്‍ ആയിരുന്നു. പിന്നീട് നാട്ടില്‍ തിരികെയെത്തി ചില്ലറ മോഷണങ്ങളും മറ്റും നടത്തി കഴിഞ്ഞു വരികയായിരുന്നുവെന്ന് കൂട്ടിച്ചേര്‍ത്തു. പ്രതിയെ കോടതി രണ്ടാഴ്‌ച്ചത്തേക്ക് റിമാന്റ് ചെയ്‌തു.
പട്ടാപ്പകല്‍ വീട്ടില്‍ നിന്ന് കവര്‍ന്ന ആഭരണങ്ങളും പണവും മൊബൈല്‍ ഫോണുമായി കുപ്രസിദ്ധ മോഷ്‌ടാവ് അറസ്റ്റില്‍
mynews
0