വീട്ടിൽ കവർച്ച പതിവായി, സി സി ടി വി വെച്ചതോടെ പ്രദേശവാസിയായ യുവാവ് കുടുങ്ങി

 നീര്‍ച്ചാല്‍: വീട്ടില്‍ നിന്ന് നിരന്തരം പണം മോഷണം പോകുന്നത് പതിവായതോടെ വീട്ടുടമ സ്ഥാപിച്ച ക്യാമറയില്‍ പ്രദേശവാസിയായ യുവാവ് കുടുങ്ങി. നീര്‍ച്ചാല്‍ പൂവളത്തടുക്കയിലെ സെന്‍ട്രിംഗ് മേസ്ത്രി റോമന്‍ ഡിസൂസയുടെ വീട്ടിലാണ് മോഷണം പതിവായത്. ജോലിക്കാര്‍ക്ക് ശമ്പളം നല്‍കുന്നതുള്‍പ്പെടെയുള്ള പണം വീട്ടില്‍ സൂക്ഷിച്ചിരുന്നു. ഈ പണത്തില്‍ നിന്നാണ് പലപ്പോഴും മോഷണം പോകുന്നതായി കണ്ടെത്തിയത്. റോമന്‍ ഡിസൂസയുടെ ഭാര്യ ഗള്‍ഫിലാണ്. ബന്ധുവീട്ടില്‍ നിന്നാണ് ഭക്ഷണം കഴിക്കുന്നത്. രാത്രി എട്ട് മണിക്ക് പോവുകയും എട്ടരയോടെ തിരിച്ചെത്തുകയുമാണ് പതിവ്. ഈ സമയത്താണ് മോഷണം നടക്കുന്നത്. മോഷണം പതിവായത് കാരണം റോമന്‍ ഡിസൂസ മൊബൈല്‍ ക്യാമറ ഓണ്‍ ചെയ്ത് ഒളിപ്പിച്ചുവെക്കുകയായിരുന്നു. ഇതിലാണ് കഴിഞ്ഞ ദിവസം മോഷ്ടാവ് കുടുങ്ങിയത്. നീര്‍ച്ചാല്‍ പൂവാളയിലെ ഫായിസാണ് മോഷണത്തിന് പിന്നിലെന്നറിഞ്ഞതോടെ പൊലീസ് ഫായിസിനെതിരെ കേസെടുത്തിട്ടുണ്ട്. പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today