കാസര്‍കോട്: മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ കോളേജില്‍ അതിക്രമിച്ചുക യറുകയും ചോദ്യം ചെയ്‌ത പ്രിന്‍സിപ്പാളിനെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറഞ്ഞതായും പരാതി. പ്രിന്‍സിപ്പാള്‍ ഡോ.എം രമയാണ് ജില്ലാ പൊലീസ് മേധാവി, കാസര്‍കോട് പൊലീസ് ഇന്‍സ്‌പെക്‌ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവമെന്ന് പരാതിയില്‍ പറഞ്ഞു. കോളേജിന്റെ മെയിന്‍ ബ്ലോക്കിന്റെ മെയിന്റനന്‍സ് പണി നടക്കുന്നത് നോക്കാനായി അറ്റന്റര്‍ രാജേഷുമൊത്ത് നടന്നു പോകുന്നതിനിടയില്‍ 22-ാം നമ്പര്‍ ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥികളല്ലാത്തവര്‍ കൂടിയിരിക്കുന്നതു ചോദ്യം ചെയ്‌തപ്പോഴാണ് തനിക്കെതിരെ തിരിഞ്ഞതെന്ന് പരാതിയില്‍ പറയുന്നു. ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ ശ്രമിക്കുകയും വധഭീഷണി മുഴക്കിയതായും കാണിച്ചു നല്‍കിയ പരാതിയില്‍ എം എസ് എഫ് നേതാക്കളടക്കമുള്ളവരുടെ പേരെടുത്തു പറയുന്നു. ബഹളം കേട്ട് കോളേജ് അധ്യാപകരായ എം സി രാജു,ബാലകൃഷ്‌ണന്‍, അനൂപ്, വിനോദ് തുടങ്ങിയവരും മറ്റു സ്റ്റാഫുകളും എത്തിയപ്പോള്‍ ഭീഷണി ആവര്‍ത്തിച്ച് സംഘം കോളേജില്‍ നിന്ന് പുറത്ത് പോയതായി പരാതിയില്‍ പറഞ്ഞു.
കാസർകോട് ഗവ.കോളേജ് പ്രിന്‍സിപ്പാളെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പൊലീസിൽ പരാതി
mynews
0