ബദിയടുക്ക: അറസ്റ്റ് വാറണ്ടുമായെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത കവര്‍ച്ചാ കേസ് പ്രതിയെ പൊലീസ് ബലമായി കീഴ്പ്പെടുത്തി. ബദിയടുക്ക കാനത്തില ശാന്തിപ്പള്ളയിലെ വെങ്കപ്പനായകിനെ(45)യാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്. വെങ്കപ്പയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു. നാല് കവര്‍ച്ചാക്കേസുകളുമായി ബന്ധപ്പെട്ട് ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഇന്നലെ ഉച്ചയോടെ ബദിയടുക്ക പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ നിരഞ്ജന്‍, ചന്ദ്രകാന്ത്, ദിലീപ്, വിജയന്‍ എന്നിവര്‍ വെങ്കപ്പയുടെ വീട്ടില്‍ അറസ്റ്റ് വാറണ്ടുമായി എത്തുകയും പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഇദ്ദേഹം പൊലീസുകാരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയും ഇവരുടെ കൈകളില്‍ കടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. പിന്നീട് ഇയാളെ പൊലീസ് സാഹസികമായി കീഴ്പ്പെടുത്തിയാണ് അറസ്റ്റ് ചെയ്തത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്മയെ തലക്കടിച്ച് വീഴ്ത്തിയ ശേഷം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്ന വെങ്കപ്പയെ പ്രോസിക്യൂഷന് തെളിവുകള്‍ ഹാജരാക്കാന്‍ കഴിയാത്തിരുന്നതിനെ തുടര്‍ന്ന് കോടതി വിട്ടയച്ചിരുന്നു. പെര്‍ഡാല മുരുടേശ്വര ക്ഷേത്രത്തില്‍ നിന്ന് ഭണ്ഡാരം കവര്‍ന്ന കേസില്‍ ഇയാള്‍ 20 മാസം തടവ് ശിക്ഷയും അനുഭവിച്ചിരുന്നു. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം നിര്‍ച്ചാല്‍ അടക്കമുള്ള പ്രദേശങ്ങളില്‍ നാലോളം കവര്‍ച്ചകള്‍ നടത്തിയ കേസിലും പ്രതിയാണ്. ഏതുസമയത്തും കത്തി കയ്യില്‍ കരുതുന്നതും പ്രതിയുടെ രീതിയാണ്. കവര്‍ച്ചകള്‍ നടക്കുന്ന സ്ഥലങ്ങളിലെ സി.സി.ടി.വിക്യാമറകളില്‍ വെങ്കപ്പയുടെ ദൃശ്യം പതിഞ്ഞതാണ് പ്രതിയെ തിരിച്ചറിയാന്‍ പൊലീസിന് സഹായകമായത്.
അറസ്റ്റ് വാറണ്ടുമായെത്തിയ പൊലീസിനു നേരെ കവർച്ച കേസ് പ്രതിയുടെ പരാക്രമം, ബലമായി കീഴടക്കി
mynews
0