അഹമ്മദാബാദ് സ്ഫോടന പരമ്ബര: 39 പേര്‍ക്ക് വധശിക്ഷ, 11 പേര്‍ക്ക് ജീവപര്യന്തം, മൂന്ന് മലയാളികളെ വെറുതെ വിട്ടു മംഗലാപുരം സ്വദേശി കുറ്റക്കാരൻ

ദില്ലി/ മുംബൈ: രാജ്യത്തെ ഞെട്ടിച്ച 2008-ലെ അഹമ്മദാബാദ് സ്ഫോടനപരമ്ബരക്കേസില്‍ 38 പേര്‍ക്ക് വധശിക്ഷ വിധിച്ച്‌ അഹമ്മദാബാദ് പ്രത്യേകകോടതി. കേസില്‍ ആകെയുണ്ടായിരുന്ന 78 പ്രതികളില്‍ കുറ്റക്കാരായി കോടതി കണ്ടെത്തിയത് 49 പേരെയാണ്. ഇതില്‍ 38 പേര്‍ക്കും വധശിക്ഷയാണ് വിധിച്ചിരിക്കുന്നത്. 11 പേര്‍ക്ക് ജീവപര്യന്തം ശിക്ഷയും ലഭിച്ചു. ഇവരെല്ലാവരും സിമിയുടെ ഉപവിഭാഗമായ ഇന്ത്യന്‍ മുജാഹിദ്ദീന്‍റെ പ്രവര്‍ത്തകരാണ്. പ്രത്യേകജ‍ഡ്‍ജി എ ആര്‍ പട്ടേലാണ് വിധി പ്രസ്താവിച്ചത്. 2008 ജൂലൈ 26-ന് അഹമ്മദാബാദിലെ തിരക്കേറിയ ഓള്‍ഡ് സിറ്റിയില്‍ അടക്കം 20 ഇടങ്ങളിലാണ് സ്ഫോടനപരമ്ബര നടന്നത്. 56 പേരാണ് അന്ന് കൊല്ലപ്പെട്ടത്. 248 പേര്‍ക്കെങ്കിലും പരിക്കേറ്റു. ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരായ യാസീന്‍ ഭട്‍കല്‍ ഉള്‍പ്പടെ 78 പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. രാജ്യത്തെ ഞെട്ടിച്ച സ്ഫോടനപരമ്ബര 2008 ജൂലൈ 26 - സിമിയുടെ ഉപവിഭാഗമായ ഇന്ത്യന്‍ മുജാഹിദ്ദീന്‍റെ പേരില്‍ 14 പേജുള്ള ഒരു ഇ-മെയില്‍ സന്ദേശം ഗുജറാത്തിലെ ടിവി ചാനലുകളുടെ ഓഫീസുകളിലെത്തി. ''ജിഹാദിന്‍റെ ഉദയം, ഗുജറാത്തിനോടുള്ള പ്രതികാരം'' എന്ന് തലക്കെട്ടുണ്ടായിരുന്ന ആ ഇ-മെയിലിലെ ഏഴാം പേജില്‍ ഇങ്ങനെ പറയുന്നു. ''അഹമ്മദാബാദില്‍ സ്ഫോടനം നടക്കാന്‍ പോവുന്നു..തടയാമെങ്കില്‍ തടയൂ..'' ഇ-മെയില്‍ കിട്ടി മിനിറ്റുകള്‍ക്കകം ആദ്യ സ്ഫോടനം നടന്നു. തിരക്കേറിയ ഓള്‍ഡ് സിറ്റി അടക്കം 20 ഇടങ്ങളില്‍ സ്ഫോടന പരമ്ബരയുണ്ടായി. ആറര മുതല്‍ ഏഴര വരെ നടന്ന സ്ഫോടന പരമ്ബരയില്‍ നഗരം രക്തത്തില്‍ കുളിച്ചു. പരിക്കേറ്റവരെ എത്തിച്ച ആശുപത്രികളിലും പൊട്ടിത്തെറിയുണ്ടായി. അന്ന് മരിച്ച്‌ വീണത് 56 പേരാണ്. പരിക്കേറ്റത് 248 പേര്‍ക്കെന്നാണ് ഔദ്യോഗിക കണക്ക്. ഗുജറാത്ത് ക്രൈംബ്രാഞ്ചിലെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. 2002-ലെ ഗുജറാത്ത് കലാപത്തിനുള്ള പ്രതികാരമാണിതെന്ന് അന്വേഷണ സംഘം കണ്ടെത്തി. മലയാളികളടക്കം പ്രതികള്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരായ യാസിന്‍ ഭട്‍കല്‍, സഫ്ദര്‍ നഗോരി, ജാവേദ് അഹമ്മദ് അങ്ങനെ ആകെ പ്രതികള്‍ 78 പേരായിരുന്നു. അതില്‍ ഒരാളെ പിന്നീട് മാപ്പ് സാക്ഷിയാക്കി. 2009-ല്‍ തുടങ്ങിയ വിചാരണ അവസാനിച്ചത് ഇക്കഴിഞ്ഞ സെപ്തംബറില്‍. സുരക്ഷാ കാരണങ്ങളാല്‍ വിചാരണ പൂ‍ര്‍ണമായും വിഡിയോ കോണ്‍ഫറന്‍സ് വഴി ആയിരുന്നു. 49 പേരെ കുറ്റക്കാരാണെന്ന് കണ്ടെത്തിയപ്പോള്‍ 28 പേരെ വെറുതെ വിട്ടു. അതില്‍ 22 പേര്‍ക്കും മറ്റ് കേസുകളുള്ളതിനാല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ ആകില്ല. വാഗമണ്‍ സിമി ക്യാമ്ബ് കേസില്‍ ശിക്ഷിക്കപ്പെട്ട ഷിബിലി, ഷാദുലി സഹോദരങ്ങളടക്കം 5 മലയാളികളും കേസില്‍ പ്രതികളാണ്. സിമിയിലെ സജീവ പ്രവര്‍ത്തകരാണ് പ്രതികളെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. കേസില്‍ മൂന്ന് മലയാളികളെ വെറുതെ വിട്ടിരുന്നു. വാഗമണ്‍, പാനായിക്കുളം തീവ്രവാദ പരിശീലന ക്യാമ്ബുകളില്‍ പങ്കെടുത്തതിന് ശിക്ഷിക്കപ്പെട്ടവരാണ് ഈരാറ്റുപേട്ട പീടിക്കല്‍ ഷാദുലി, സഹോദരന്‍ ഷിബിലി എന്നിവര്‍. ആലുവാ കുഞ്ഞനിക്കര മുഹമ്മദ് അന്‍സാരി, കൊണ്ടോട്ടി സ്വദേശി ഷറഫുദ്ദീന്‍ എന്നിവര്‍ക്കൊപ്പം മംഗലാപുരത്ത് നിന്നുള്ള നൗഷാദുമാണ് കുറ്റക്കാരുടെ പട്ടികയിലെ മലയാളികള്‍. പാനായിക്കുളം കേസിലും പ്രതിയാണ് അന്‍സാര്‍. ബോംബുകള്‍ക്കുള്ള ചിപ്പുകള്‍ തയ്യാറാക്കിനല്‍കിയതാണ് ഷറഫുദ്ദീനെതിരായ കുറ്റം. കൂട്ടുപ്രതിയും ഇയാളുടെ ബന്ധുവുമായ അബ്ദുള്‍ റഹ്‌മാന്‍ കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഷറഫുദ്ദീന്‍റെ പിതാവ് ഇടി സൈനുദ്ദീന്‍, അബ്ദുള്‍ സത്താര്‍, സുഹൈബ് പൊട്ടുമണിക്കല്‍ എന്നീ മൂന്ന് മലയാളികള്‍ കൂടി പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും കോടതി കുറ്റവിമുക്തരാക്കി. പ്രതികളെല്ലാം രാജ്യത്തെ വിവിധ ജയിലുകളിലാണ് ഇപ്പോള്‍. വിചാരണക്കിടെ പ്രതികള്‍ സബര്‍മതി ജയിലില്‍ നിന്ന് തുരങ്കമുണ്ടാക്കി ജയില്‍ ചാടാന്‍ ശ്രമിച്ച സംഭവവും ഉണ്ടായി. നാലാം നമ്ബര്‍ ബാരക്കില്‍ 6 അടി താഴ്ചയിലും 18 അടി നീളത്തിലും ഒരു തുരങ്കം ജയില്‍ അധികൃതര്‍ കണ്ടെത്തിയതോടെ ആ ശ്രമം പരാജയപ്പെടുകയായിരുന്നു. 2013-ല്‍ നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്ന് പിടിയിലായ യാസിന്‍ ഭട്കല്‍ അടക്കം പിന്നീട് അറസ്റ്റിലായ 4 പ്രതികളുടെ വിചാരണ ഇനിയും ആരംഭിച്ചിട്ടില്ല. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നതില്‍ കുറഞ്ഞതൊന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചാണ് വിധി.
Previous Post Next Post
Kasaragod Today
Kasaragod Today