കവര്‍ച്ചാകേസിലെ പ്രതി കോടതിയില്‍ കീഴടങ്ങി

ബദിയടുക്ക: ബദിയടുക്ക ടൗണിലെ സൂപ്പര്‍ മാര്‍ക്കറ്റിലെ കവര്‍ച്ചാകേസിലെ പ്രതി കോടതിയില്‍ കീഴടങ്ങി. അറുന്തോട്ടെ നിസാര്‍(39)ആണ് കോടതിയില്‍ കീഴടങ്ങിയത്. ഈ മാസം 17ന് രാത്രി 11.30മണിയോടെ കന്യപ്പാടിയിലെ മുഹമ്മദ് കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള ബദ്രിയ സൂപ്പര്‍ മാര്‍ക്കറ്റിലാണ് കവര്‍ച്ച നടന്നത്. രാത്രി സൂപ്പര്‍ മാര്‍ക്കറ്റിനകത്ത് ആളനക്കം ശ്രദ്ധയില്‍പ്പെട്ട സെക്യൂരിറ്റി ഗാര്‍ഡ് കടയുടെ അടുത്തെത്തിയപ്പോള്‍ മോഷ്ടാവ് സെക്യൂരിറ്റി ഗാര്‍ഡിനെ അക്രമിച്ച് രക്ഷപ്പെടുകയാണുണ്ടായത്. കടയ്ക്ക് സമീപത്ത് നിന്ന് മോഷ്ടാവിന്റേതെന്ന് സംശയിക്കുന്ന സ്‌കൂട്ടര്‍ അന്നെ ദിവസം തന്നെ ബദിയടുക്ക പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നിട് നടത്തിയ പരിശോധനയിലാണ് കടയില്‍ നിന്നും 30കിലോയോളം കുരുമുളക്, പതിനയ്യായിരം രൂപ വിലമതിക്കുന്ന സിഗററ്റ്, പാമോയില്‍, മധുര പലഹാരങ്ങള്‍ തുടങ്ങിയവ കവര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടത്. എന്നാല്‍ സെക്യൂരിറ്റി ഗാര്‍ഡുമായുള്ള മല്‍പിടിത്തതിനിടെ ഉപേക്ഷിച്ച സ്‌കൂട്ടറില്‍ കവര്‍ന്ന സാധനങ്ങള്‍ കണ്ടെത്തിയിരുന്നു. മുഹമ്മദ് കുഞ്ഞി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കടയിലെ സിസിടിവിയില്‍ നിന്നും ലഭിച്ച ദൃശ്യങ്ങളില്‍ നിന്നും നേരത്തെ അതേ കടയില്‍ ജോലിചെയ്ത യുവാവാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് മനസ്സിലായിത്. തുടര്‍ന്ന് കേസെടുത്ത് ബദിയടുക്ക പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ കെ.പി. വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നിസാറിന്റെ ബന്ധു വീടുകളിലും മറ്റും അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. അതിനിടെയാണ് ശനിയാഴ്ച ഉച്ചയോടെ കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) മുമ്പാകെ കീഴടങ്ങിയത്. നിസാറിനെ കോടതി റിമാണ്ട് ചെയ്തു.
Previous Post Next Post
Kasaragod Today
Kasaragod Today