കാസർകോട്: നഗരസഭയുടെ റോഡിന്‍റെ ആദ്യ ഉദ്ഘാടനം നിർവഹിച്ചത് ബി.ജെ.പി ജില്ല പ്രസിഡന്‍റ്. വിവാദമായപ്പോൾ മൂന്നാം നാളിൽ നഗരസഭ ചെയർമാന്‍റെ വക ഔദ്യോഗിക ഉദ്ഘാടനവും. യു.ഡി.എഫ് ഭരിക്കുന്ന കാസർകോട് നഗരസഭയുടെ റോഡിനാണ് ഈ ഗതി. നഗരസഭയിലെ താലൂക്ക് ഓഫിസ് 32ാം വാർഡിൽ ജില്ല ബാങ്ക്-നായക്സ് റോഡാണ് കൗൺസിലർ എം. ശ്രീലതയുടെ സാന്നിധ്യത്തിൽ ബി.ജെ.പി ജില്ല പ്രസിഡന്റ് രവീശ തന്ത്രി ഈ മാസം 16ന് നാട മുറിച്ച് ഉദ്ഘാടനം ചെയ്തത്. ഇവിടത്തെ കൗൺസിലർ ബി.ജെ.പി പ്രതിനിധിയാണ്. ബി.ജെ.പി നേതാക്കളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തിരുന്നു. 32 ലക്ഷം രൂപ ചെലവഴിച്ച് നഗരസഭ കോൺക്രീറ്റ് ചെയ്ത റോഡാണിത്. സംഭവത്തിൽ വിമർശനവുമായി സി.പി.എം ഉൾപ്പെടെയുള്ള പാർട്ടികൾ നഗരസഭക്കെതിരെ രംഗത്തെത്തി. വിവാദമായതോടെ ശനിയാഴ്ച നഗരസഭാധ്യക്ഷൻ വി.എം. മുനീർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷൻ ഉദ്ഘാടകനും ബി.ജെ.പി ജില്ല പ്രസിഡന്‍റ് അധ്യക്ഷനായുമുള്ള ചടങ്ങ് നടത്താനാണ് ബി.ജെ.പി ബൂത്ത് കമ്മിറ്റി തീരുമാനിച്ചിരുന്നത്. ചെയർമാൻ നീട്ടിക്കൊണ്ടുപോയതിനാലാണ് ഉദ്ഘാടനം സ്വന്തം നിലക്ക് നടത്തിയതെന്നാണ് ബി.ജെ.പി കൗൺസിലറുടെ വാദം. എന്നാൽ, റോഡ് ഉദ്ഘാടന പരിപാടി മാറ്റിവെക്കണമെന്ന് നഗരസഭാംഗത്തെ അറിയിച്ചിരുന്നതായി ചെയർമാൻ വി.എം. മുനീർ പറഞ്ഞു. നഗരസഭയുടെ റോഡ് ഉദ്ഘാടനവും മറ്റും തീരുമാനിക്കേണ്ടത് കൗൺസിലാണെന്നും നഗരസഭ അറിയാതെയുള്ള പരിപാടി ഒഴിവാക്കണമെന്ന് വാർഡ് അംഗത്തോടു നിർദേശിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങൾക്കൊടുവിൽ 17ന് ചേർന്ന കൗൺസിൽ തീരുമാന പ്രകാരം റോഡിന്റെ ഉദ്ഘാടനം ശനിയാഴ്ച നഗരസഭാധ്യക്ഷൻ നിർവഹിക്കുകയും ചെയ്തു. സർക്കാർ പരിപാടി ഉദ്ഘാടനം എങ്ങനെയാണ് പാർട്ടി നേതാവ് നിർവഹിച്ചതിനെക്കുറിച്ച് നഗരസഭക്കും മൗനമാണ്. അടുത്ത കൗൺസിൽ യോഗത്തിൽ വിഷയം ഉന്നയിക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.
ലീഗ് ഭരിക്കുന്ന കാസർകോട് നഗരസഭയിലെ റോഡ് ഉദ്ഘാടനം ചെയ്ത് ബിജെപി പ്രസിഡന്റ്, വിവാദമായതോടെ ചെയർമാന്‍റെ വക വീണ്ടും ഉദ്ഘാടനം
mynews
0