കാസർകോട്: ഇന്ത്യൻ സൂപ്പർ ലീഗിലെ ഹൈദരാബാദ് എഫ്.സി. താരം അബ്ദുൾ റഹീബും ഗോവയിലേക്ക് പുറപ്പെട്ട ഏഴംഗസംഘവും ഒതുക്കുങ്ങലിലെ കളത്തിൽ ഒന്നിച്ചു കളിച്ചുവളർന്നവരാണ്. ഏഴുപേരും നാട്ടിലും കോളേജ് ടീമിലുമായി ഫുട്‌ബോൾ താരങ്ങൾ. കൂട്ടുകാരന്റെ കളി കാണാനാണ് ഏഴുപേർക്കുള്ള ടിക്കറ്റ് അബ്ദുൾ റഹീബിനോട് ആവശ്യപ്പെട്ടത്. ആദ്യം നാല് ടിക്കറ്റും പിന്നീട് മൂന്നുപേർക്ക് കൂടിയുള്ള ടിക്കറ്റും റഹീബ് അയച്ചുകൊടുത്തു.ഈ ടിക്കറ്റുമായാണ് റഹീബിന്റെ ബൈക്കിൽ എ.കെ.ഷിബിലും പി.ടി.ജംഷീറും ഗോവയിലേക്ക് പുറപ്പെട്ടത്. ഏഴംഗസംഘത്തിന് കാറിൽ സ്ഥലസൗകര്യമില്ലാത്തതിനാലാണ് ഇരുവരും യാത്ര ബൈക്കിലാക്കിയത്. ഷിബിലാണ് യാത്ര തുടങ്ങുമ്പോൾ ബൈക്കോടിച്ചത്. മലപ്പുറത്തുനിന്ന് യാത്ര തുടങ്ങിയശേഷം പലതവണ കാറിനുമുന്നിലും പിന്നിലുമായി സംഘം യാത്രതുടർന്നു. ഞായറാഴ്ച പുലർച്ചെ മഴയായതിനാൽ ഇടയ്ക്കിടെ നിർത്തിയാണ് ബൈക്ക് യാത്രക്കാർ സഞ്ചരിച്ചത്.
മഴപെയ്തപ്പോൾ ഷിബിലും ജംഷീറും ഉദുമ പാലക്കുന്നിൽ കടവരാന്തയിൽ കയറിനിന്നിരുന്നു. മഴതോർന്ന് ഇറങ്ങിയ ഉടനെയായിരുന്നു അപകടം.കാഞ്ഞങ്ങാട് കല്ലൂരാവിയിലേക്ക് കോഴിയുമായി പോവുകയായിരുന്ന പിക്കപ്പ് വാനാണ് ബൈക്കിലിടിച്ചത്. പാലക്കുന്നിൽനിന്ന് കഷ്ടിച്ച് ഒരുകിലോമീറ്റർ ദൂരമാണ് ഉദുമ പള്ളത്തേക്ക്. ഈ സമയം കാറിലുള്ള സംഘം കേരള-കർണാടക അതിർത്തിയായ തലപ്പാടിയിലെത്തിയിരുന്നു. നാട്ടുകാർ അപകടത്തിൽപ്പെട്ടവരുടെ ഫോണിലെ കോൾലിസ്റ്റിൽനിന്ന് നമ്പറെടുത്താണ് സുഹൃത്തുക്കളെ വിവരമറിയിച്ചത്.
കണ്ണീർച്ചുഴിയായി ആസ്പത്രിപരിസരം
: ആവേശത്തിരയിളകേണ്ടിയിരുന്ന അഞ്ച് മനസ്സുകൾ സങ്കടച്ചുഴിയിൽപ്പെട്ട കാഴ്ചയായിരുന്നു ആസ്പത്രിപരിസരത്ത്. കാണുന്നവരുടെ മനസ്സലിയിപ്പിക്കുന്ന മൗനവും കണ്ണീരും. അപകടത്തിൽപ്പെട്ടയാളുടെ സഹോദരനും കൂട്ടത്തിലുണ്ടെന്ന വിവരം അന്തരീക്ഷത്തെ കൂടുതൽ സങ്കടകരമാക്കി. വിവരമറിഞ്ഞ് ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളും ഫുട്‌ബോൾ ആരാധകരും സുഹൃത്തുക്കളെ ആശ്വസിപ്പിക്കാനെത്തി. പതിനൊന്നരയോടെയാണ് മൃതദേഹപരിശോധന തുടങ്ങിയത്.
ഉച്ചയ്ക്ക് പന്ത്രണ്ടോടെ അപകടത്തിൽ മരിച്ച ജംഷീറിന്റെ പിതാവിന്റെ സഹോദരൻ അഷറഫും പഞ്ചായത്തംഗം എം.കെ.കമറുദ്ദീനും മലപ്പുറത്തുനിന്ന് കാസർകോട്ടെത്തി. 12.45-ഓടെ ഷിബിലിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. കുളിപ്പിക്കാനും പ്രാർഥനയ്ക്കുമായി മൃതദേഹം തളങ്കര മാലിക് ദിനാർ പള്ളിയിലേക്കു കൊണ്ടുപോയി. ഒന്നേകാലോടെയാണ് ജംഷീറിന്റെ മൃതദേഹം വിട്ടുനൽകിയത്. ഇതിനെ അനുഗമിച്ചാണ് അഞ്ച് സുഹൃത്തുക്കളും മടങ്ങിയത്. തകർന്ന മനസ്സുമായി... ഐ.എസ്.എൽ. ഫൈനൽ കാണാനുള്ള ഗോവായാത്രയ്ക്കിടെ ഉദുമയിൽ വാഹനാപകടത്തിൽ മരിച്ച പി.ടി.ജംഷീറിന്റെയും എ.കെ.ഷിബിലിന്റെയും കൂട്ടുകാരും മുന്നിലെ കാറിലെ യാത്രക്കാരുമായ നവാസ്, നിഷാൻ, റയീസ്, ഷിബിൻ, ജംഷീറിന്റെ സഹോദരൻ നൗഫൽ എന്നിവർ കാസർകോട് ജനറൽ ആസ്പത്രി മോർച്ചറിക്ക് പുറത്ത് എ.കെ. ഷിബിൽ ഫോട്ടോ ചിത്രീകരണത്തിനിടെ
മാഞ്ഞുപോയ ക്ലിക്ക്
ഒതുക്കുങ്ങൽ : പഠനത്തോടൊപ്പം ഫുട്ബോളും ഫോട്ടോഗ്രാഫിയുമായിരുന്നു ഷിബിലിന്റെ ഇഷ്ടവിനോദം. മൂന്നരവർഷമായി ഒതുക്കുങ്ങലിലെ വിവാഹവേദികളിലെ സ്ഥിരസാന്നിധ്യം. ചെറുകുളമ്പ് സ്വകാര്യ കോളേജിലെ ബി.കോം. വിദ്യാർഥിയായ ഷിബിൽ പഠനത്തോടൊപ്പം ഫ്രീലാൻസായാണ് വിവാഹഫോട്ടോകൾ എടുക്കാൻ പോകാറുള്ളത്. ഞായാറാഴ്‌ചയും വിവാഹപരിപാടികൾ ഉണ്ടായിരുന്നു.
എന്നാൽ എല്ലാം മാറ്റിവെച്ച് ഫൈനൽ മത്സരം കാണാൻ ശനിയാഴ്‌ച വൈകീട്ടാണ് കൂട്ടുകാർക്കൊപ്പം ഗോവയിലേക്കു പോയത്. ഷിബിൽ ഇനിയില്ലെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് ഒതുക്കുങ്ങലിലെ ഫോട്ടോഗ്രാഫറും എ.ജെ. വെഡ്ഡിങ് കമ്പനി പാർട്ണർമാരിലൊരാളുമായ ജുനൈദ് പറഞ്ഞു.
കാൽപ്പന്തുകളിയെ നെഞ്ചോട് ചേർത്തവരുടെ വേർപാട് നാടിനെ കണ്ണീരിലാഴ്ത്തി:കബറടക്ക ചടങ്ങിൽ നൂറു കണക്കിന് പേർ പങ്കെടുത്തു
mynews
0