ലക്ഷ്വറി ഹോട്ടലില്‍ റൂമിന് തീയിട്ട ശേഷം സോഷ്യല്‍ മീഡിയയില്‍ ലൈവ്; യുവാവിനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു

ദുബൈ: ആഡംബര ഹോട്ടലിലെ മുറിയില്‍ വ്യാപക നാശനഷ്‍ടങ്ങളുണ്ടാക്കിയ യുവാവിനെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്‍തു. ഒപ്പമുണ്ടായിരുന്ന രണ്ട് പേരൊടൊപ്പം ഹോട്ടല്‍ മുറി നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി തത്സമയം സംപ്രേക്ഷണം ചെയ്യുകയും ചെയ്‍തു. ഹോട്ടലിലെ അഗ്‍നി സുരക്ഷാ ഉപകരണത്തില്‍ സ്റ്റിക്കര്‍ പതിപ്പിച്ച്‌ പ്രവര്‍ത്തന രഹിതമാക്കിയ ശേഷം മുറിക്ക് തീയിടുകയും ചെയ്‍തു. യുവാവിനൊപ്പം ഒരു യുവതിയും മറ്റൊരാളുമാണ് ഉണ്ടായിരുന്നത്. യുവതി തന്റെ സഹോദരിയാണെന്നാണ് ഇയാള്‍ പരിചയപ്പെടുത്തിയത്. ഒപ്പമുണ്ടായിരുന്നയാള്‍ പുരോഹിതനെപ്പോലെ വേഷം ധരിച്ചിരുന്നു. ദുര്‍മന്ത്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് ഇയാള്‍ എപ്പോഴും സംസാരിച്ചിരുന്നത്. റൂമിലെ ഓരോ ഭാഗങ്ങളില്‍ തീയിടുന്നതും ഫര്‍ണിച്ചറുകള്‍ കത്തിക്കുന്നതുമൊക്കെ വീഡിയോകളില്‍ കാണാം. ഹോട്ടല്‍ ജീവനക്കാരെ പേരെടുത്ത് പറയുന്നതും അവരുടെ നമ്ബറുകള്‍ വീഡിയോയിലൂടെ പറയുന്നതും ചില ദൃശ്യങ്ങളിലുണ്ട്. ഹോട്ടലിലെ ചില അപ്പാര്‍ട്ട്മെന്റുകള്‍ വ്യക്തികള്‍ക്ക് വിറ്റിരുന്നവയാണ്. ഇത്തരത്തില്‍ ഒരു വ്യക്തി വാങ്ങിയ അപ്പാര്‍ട്ട്മെന്റ് അയാളില്‍ നിന്നാണ് യുവാവ് വാടകയ്‍ക്ക് എടുത്തത്. ശേഷം ഹോട്ടല്‍ ഉടമയെയോ മറ്റ് ജീവനക്കാരെയോ വകവെയ്‍ക്കാതെ പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് ഹോട്ടലുടമ പറഞ്ഞു. അതിരുവിട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 11 തവണ ഇയാള്‍ക്കെതിരെ ബര്‍ദുബൈ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായും ജീവനക്കാര്‍ പറഞ്ഞു. രണ്ട് തവണ അറസ്റ്റിലായിട്ടുണ്ട്. ഓരോ തവണയും പുറത്തിറങ്ങിയ ശേഷം പഴയപടി തന്നെ ആവര്‍ത്തിക്കും. ഒരു തവണ സ്വന്തം വാഹനം ഹോട്ടലിന്റെ ഗേറ്റിന് മുന്നില്‍ നിര്‍ത്തിയിട്ട് വഴി തടസപ്പെടുത്തി. പൊലീസ് സ്ഥലത്തെത്തി കാര്‍ പിടിച്ചെടുത്ത് കൊണ്ടുപോയെങ്കിലും കുറച്ചു ദിവസത്തിന് ശേഷം അത് തിരികെ എടുത്തുകൊണ്ടുവന്ന് വീണ്ടും വഴി തടഞ്ഞു. ഇത്തവണ ഹോട്ടലിലെ ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ മര്‍ദിച്ചുവെന്നാരോപിച്ച്‌ യുവാവ് തന്നെ പൊലീസിനെ വിളിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് സംഘം, ഇയാളുടെ പ്രവൃത്തികള്‍ മനസിലാക്കിയോടെ വാതില്‍ തകര്‍ത്ത് അകത്ത് കടന്നാണ് പിടികൂടിയത്. അഗ്നിരക്ഷാ ഉപകരണത്തില്‍ കൃത്രിമം കാണിച്ചതുകൊണ്ട് ഹോട്ടലിലെ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഇയാള്‍ പ്രവര്‍ത്തന രഹിതമാക്കിയതായും ഉടമ ആരോപിച്ചു. അപ്പാര്‍ട്ട്മെന്റിന് വലിയ തോതില്‍ ഇയാള്‍ നാശനഷ്‍ടങ്ങളുണ്ടാക്കിയിട്ടുണ്ടെന്നും ഹോട്ടലിലെ നിബന്ധനകള്‍ ലംഘിച്ചതിന് ഉടമയ്‍ക്ക് അറിയിപ്പ് നല്‍കിയതായും ജീവനക്കാര്‍ പറഞ്ഞു.
Previous Post Next Post
Kasaragod Today
Kasaragod Today