കാസര്‍കോട്: നുള്ളിപ്പാടി കെയര്‍വെല്‍ ആശുപത്രിയിലെ ഡോക്ടര്‍ സാബില്‍ നാസിറിനെ(27) വീട്ടില്‍ അതിക്രമിച്ചുകയറി മുഖംമൂടി സംഘം കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ 307 വകുപ്പ് പ്രകാരം വധശ്രമത്തിനും 324 വകുപ്പ് പ്രകാരം ഗുരുതരമായി മുറിവേല്‍പ്പിച്ചതിനും കേസെടുത്ത് കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു.
ബന്ധുവായ അബ്ദുള്‍ നാസറിന്റെ പരാതി പ്രകാരമാണ് കേസ്.
ഞായറാഴ്ച രാത്രി 11.30 മണിയോടെ ചൗക്കി സി.പി.സി.ആര്‍.ഐ ഗസ്റ്റ് ഹൗസിന് സമീപത്തെ കെ.സി കോമ്ബൗണ്ടിലെ വസതിയില്‍ വച്ചാണ് സാബില്‍ നാസിറിന് കത്തേറ്റത്. മുഖം മൂടി ധരിച്ചെത്തിയ മൂന്നംഗസംഘം വീട്ടില്‍ അതിക്രമിച്ചുകയറി ഡോക്ടറെ തലങ്ങും വിലങ്ങും കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് മംഗളൂരു യേനപ്പോയ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടിട്ടുണ്ട്. തീവ്രപരിചരണവിഭാഗത്തില്‍ നിന്ന് ഇദ്ദേഹത്തെ മുറിയിലേക്ക് മാറ്റി.
പ്രതികളെക്കുറിച്ച് ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സാബിലിന്റെ മൊഴിയെടുത്തെങ്കിലും പ്രതികളെ തിരിച്ചറിയുന്നതിനുള്ള വിവരങ്ങളൊന്നും കിട്ടിയില്ല. തനിക്ക് ശത്രുക്കളൊന്നും ഇല്ലെന്നും അക്രമത്തിന് പിന്നില്‍ ആരെന്ന് തനിക്കറിയില്ലെന്നുമാണ് ഡോക്ടര്‍ നല്‍കിയ മൊഴി. മോഷണം ലക്ഷ്യമിട്ടാണ് മുഖംമൂടി ധരിച്ച സംഘം ഡോക്ടറുടെ വീട്ടില്‍ അതിക്രമിച്ചുകടന്നതെന്ന് പൊലീസ് വിശ്വസിക്കുന്നില്ല. മോഷണശ്രമത്തിന്റെ ചെറിയ ലക്ഷണങ്ങള്‍ പോലും വീട്ടില്‍ കണ്ടെത്തിയിട്ടില്ല.
സാബില്‍ നാസിറിന്റെ വീട്ടില്‍ സി.സി.ടി.വി ഇല്ല. സമീപം ഹൈവേക്കരികിലുള്ള സി.സി.ടി.വി കാമറകളില്‍ നിന്നുമുള്ള കാഴ്ചകളിലും അക്രമികളെ കുറിച്ചുള്ള സൂചനയൊന്നും കിട്ടിയില്ല. കുറെ വാഹനങ്ങള്‍ കടന്നപോകുന്ന ദൃശ്യം മാത്രമാണ് ഈ കാമറകളിലുള്ളത്. ഡോക്ടറുടെ വീടിനടുത്ത മറ്റൊരു വീട്ടിലെ സി.സി.ടി.വി ക്യാമറയില്‍ അര്‍ദ്ധരാത്രി 12.30 മണിയോടെ ഒരു കാര്‍ കടന്നുപോകുന്ന ദൃശ്യമുണ്ടെങ്കിലും അക്രമികള്‍ സഞ്ചരിച്ച വാഹനമാണോ ഇതെന്ന് വ്യക്തമല്ല. ഡോക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു
കാസർകോട് ഡോക്ടര്‍ക്ക് കുത്തേറ്റ സംഭവത്തില്‍ ദുരൂഹത വർദ്ധിക്കുന്നു; വീണ്ടും മൊഴിയെടുക്കാന്‍ പൊലീസ്, മൊബൈൽ കോൾ കേന്ദ്രീകരിച്ചും അന്വേഷണം
mynews
0