കാസര്‍കോട്: കൗമാര കലോത്സവത്തിന്റെ ചുവടുകള്‍ പിന്തുടര്‍ന്നെത്തുന്ന കണ്ണൂര്‍ സര്‍വ്വകലാശാല രാജകീയ മേളയ്‌ക്ക് കാസര്‍കോട് ഗവ. കോളേജില്‍ നാളെ തിരിതെളിയും. എട്ടു ഭാഷകള്‍ നെറ്റിപ്പട്ടം ചൂടിയ വേദികളിലിനി ഭാഷാ സംഗമഭൂമിയുടെ സാംസ്‌ക്കാരിക തനിമ വിളിച്ചോതുന്ന കലാമേളയുടെ കേളികൊട്ടുയരും. ആദ്യമായി കാസര്‍കോട് ഗവ. കോളേജ് വേദിയാകുന്ന സമ്പൂര്‍ണ്ണ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കലോത്സവത്തെ വരവേല്‍പ്പിന്റെ പൂര്‍ണ്ണതയോടെ സ്വീകരിക്കാന്‍ നാടും നഗരവും കലാലയ മുറ്റവും ഒരുങ്ങിക്കഴിഞ്ഞു. കലോത്സവത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ സര്‍വ്വകലാശാലയുടെ കീഴിലുള്ള എല്ലാ കോളേജുകള്‍ക്കും കൈമാറിക്കഴിഞ്ഞു. കലോത്സവത്തിന്റെ വരവറിയിച്ച് ഇന്നലെ നഗരത്തില്‍ നടന്ന വിളംബര ഘോഷയാത്ര കലോത്സവത്തിന്റെ അഴകേഴും വിളിച്ചോതുന്നതായിരുന്നു. മുത്തുക്കുടകളുടേയും ചെണ്ടമേളത്തിന്റെയും അകമ്പടിയില്‍ വിവിധ നൃത്ത രൂപങ്ങള്‍ അണിനിരന്ന ഘോഷയാത്ര കാണാന്‍ നഗരമാകെ പാതയോരത്തേക്ക് ഒഴുകി എത്തിയിരുന്നു.
കോവിഡിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി മുടങ്ങിക്കിടന്ന കലോത്സവത്തെ വിദ്യാര്‍ത്ഥികളും നാട്ടുകാരും ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. എട്ടു വേദികളിലായാണ് കലാപരിപാടികള്‍ അരങ്ങേറുക. മലയാളം, കന്നഡ, തുളു, കൊങ്കിണി, ബ്യാരി, ഉറുദു, മറാഠി, കറാഡ എന്നീ പേരുകളിലാണ് വേദികള്‍ ഒരുക്കിയിരിക്കുന്നത്. നാളെ രാവിലെ മുതല്‍ സ്റ്റേജിതര പരിപാടികള്‍ ആരംഭിക്കും.