യുക്രൈനില്‍ കുടുങ്ങിയ കാസര്‍കോട്ടെ വിദ്യാര്‍ഥികളില്‍ ഭൂരിപക്ഷം പേരും അതിര്‍ത്തി കടന്നതായി വിവരം

കാസർകോട്: യുക്രൈനില്‍ കുടുങ്ങിയ കാസര്‍കോട്ടെ വിദ്യാര്‍ഥികളില്‍ ഭൂരിപക്ഷം പേരും അതിര്‍ത്തി കടന്നതായി വിവരം. വാട്സാപ്പ് കോളിലൂടെ ഇടവിട്ട് വിളിച്ച് യാത്രാവിവരങ്ങള്‍ വീട്ടുകാരെ അറിയിക്കുകയാണിവര്‍. കാഞ്ഞങ്ങാട്ടെ മിഥുന്‍ മധു, മാലോത്തെ അമ്മു ജോജോ, നാട്ടക്കല്ലിലെ അഖിലാ രാജന്‍ എന്നിവര്‍ നാട്ടിലെത്തി. കാസര്‍കോട് ചൂരി സ്വദേശി ആയിഷ ഹന്ന ഡല്‍ഹിയിലെ ബന്ധുവീട്ടിലും മേല്‍പ്പറമ്പിലെ മുഹമ്മദ് റാഷിദ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലും എത്തിയെന്ന് ജില്ലാ ഭരണകൂടത്തിനു വിവരം ലഭിച്ചു. കാഞ്ഞങ്ങാട്ടെ ആഗ്‌ന അസീസ് ഉള്‍പ്പെടെയുള്ളവര്‍ ഹംഗറി വിമാനത്താവളത്തിലെത്തിയെന്ന് വീട്ടുകാര്‍ പറഞ്ഞു. അതേസമയം ഏതാനും ചിലര്‍ ഇപ്പോഴും യുക്രൈനിലെ ഭൂഗര്‍ഭ അറകളില്‍ ദുരിതമനുഭവിക്കുകയാണെന്ന റിപ്പോര്‍ട്ടുമുണ്ട്. ജില്ലാ ഭരണകൂടം പ്രാഥമികമായി തയ്യാറാക്കിയ പട്ടികയില്‍ കാസര്‍കോട്ടുകാരായ 44 വിദ്യാര്‍ഥികളുടെ പേരുകളാണുണ്ടായിരുന്നത്. വ്യാഴാഴ്ചയെത്തിയ മാലോത്തെയും നാട്ടക്കല്ലിലെയും വിദ്യാര്‍ഥിനികളുടെയും കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടെത്തിയ മിഥുന്‍ മധുവിന്റെയും പേരുകള്‍ ഈ പട്ടികയിലുണ്ടായിരുന്നില്ല.
Previous Post Next Post
Kasaragod Today
Kasaragod Today