കോഴിക്കോട്: കാഴ്ചപരിമിതനെ സഹായിക്കാനെന്ന വ്യാജേന എത്തിയ ആള്‍ പണവും മൊബൈല്‍ ഫോണുമടക്കം കവര്‍ന്നു. കാസര്‍കോട് സ്വദേശി അബ്ദുള്‍ അസീസാണ് തട്ടിപ്പിനിരയായത്.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഞായറാഴ്ച വൈകീട്ട് ആറുമണിയോടെ, കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപമാണ് സംഭവം.
വര്‍ഷങ്ങളായി കോഴിക്കോടും പരിസരത്തും അത്തര്‍ കച്ചവടം നടത്തുന്നയാളാണ് കബളിപ്പിക്കപ്പെട്ട അബ്ദുള്‍ അസീസ്. റോഡ് മുറിച്ചു കടക്കാന്‍ ബുദ്ധിമുട്ടുകയായിരുന്ന അസീസിനെ, സഹായിക്കാനെന്ന വ്യാജേനയാണ് മോഷ്ടാവെത്തിയത്. തുടര്‍ന്ന് റോഡ് മുറിച്ചു കടന്ന ശേഷം, ലീലാഹുല്‍ മസ്ജിദിന് സമീപം വച്ച് ബാഗും ഫോണുമടക്കം വാങ്ങി നിസ്കാരത്തിനായി അബ്ദുള്‍ അസീസിനെ പറഞ്ഞയച്ചു. തിരിച്ചെത്തിയപ്പോഴാണ് തട്ടിപ്പിനിരയായ വിവരം കാഴ്ചപരിമിതനായ അസീസ് അറിയുന്നത്.
തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പൊലീസിനെ സമീപിച്ചു. ബാഗില്‍ വില്‍പ്പനയ്ക്കുളള അത്തറിനൊപ്പം 20000രൂപയും ഉണ്ടായിരുന്നു. 5000 രൂപയിലേറെ വിലവരുന്ന അത്തറാണ് നഷ്ടമായതെന്നും അസീസ് പറയുന്നു. മൊബൈല്‍ഫോണും മോഷ്ടാവ് കൈക്കലാക്കി. അസീസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് അന്വേഷണം തുടങ്ങി. മോഷണം നടന്ന പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് ആളെ തിരിച്ചറിയാനുളള ശ്രമത്തിലാണ് പൊലീസ്. അസീസിന്ര്‍റെ കവര്‍ച്ച ചെയ്യപ്പെട്ട മൊബൈല്‍ഫോണ്‍ ടവര്‍ ലൊക്കേഷന്റെ അടിസ്ഥാനത്തിലും അന്വേഷണം നടക്കുന്നുണ്ട്. കാസര്‍കോട് സ്വദേശിയാണെങ്കിലും വര്‍ഷങ്ങളായി കൊണ്ടോട്ടിയിലാണ് അബ്ദുള്‍ അസീസിന്‍റെ
താമസം.