ചൗക്കി മജലിലെ കമ്പനിയില്‍ നിന്ന് കടത്തിയ അസംസ്‌കൃതസാധനങ്ങള്‍ വാങ്ങിയ രണ്ട് പ്രതികള്‍ തമിഴ്നാട്ടില്‍ പൊലീസ് പിടിയിലായി

 കാസര്‍കോട്: ചൗക്കി മജലിലെ കമ്പനിയില്‍ നിന്ന് കടത്തിയ അസംസ്‌കൃതസാധനങ്ങള്‍ വാങ്ങിയ രണ്ട് പ്രതികള്‍ തമിഴ്നാട്ടില്‍ പൊലീസ് പിടിയിലായി. അസം സ്വദേശികളായ സെയ്തുല്‍ (26), റോബിയല്‍ (22) എന്നിവരെയാണ് അന്വേഷണസംഘത്തിലെ എസ്.ഐ മധു, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാഗേഷ്, ഷാജി എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. ഇവരില്‍ നിന്ന് 980 പീസ് അസംസ്‌കൃത സാധനങ്ങളും 50,000 രൂപയും പൊലീസ് പിടിച്ചെടുത്തു. രണ്ട് പ്രതികളുടെയും അറസ്റ്റ് കാസര്‍കോട് പൊലീസ് രേഖപ്പെടുത്തി. ഉണക്കി ഉപ്പിലിട്ട കന്നുകാലികളുടെ കുടലുകള്‍ അടക്കമുള്ള അസംസ്‌കൃതവസ്തുക്കളാണ് മജലിലെ കമ്പനിയില്‍ നിന്ന് മോഷണം പോയിരുന്നത്. കമ്പനിയുടെ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന മൂന്ന് സ്‌കൂട്ടറുകളും കവര്‍ന്നെങ്കിലും സ്‌കൂട്ടറുകള്‍ പിന്നീട് കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കേസില്‍ അറസ്റ്റിലായവര്‍ ഉള്‍പ്പെടെ മൊത്തം 9 പ്രതികളാണുള്ളത്. അസം സ്വദേശികളായ ആറ് പേരാണ് അസംസ്‌കൃതവസ്തുക്കള്‍ കടത്തിക്കൊണ്ടുപോയത്. ഇവരെ സഹായിച്ച ആളടക്കം ഏഴുപേര്‍ക്കെതിരെയാണ് പൊലീസ് ആദ്യം കേസെടുത്തിരുന്നത്. വിശദമായ അന്വേഷണത്തിലാണ് അസംസ്‌കൃതസാധനങ്ങള്‍ വാങ്ങിയവരെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. ഇതോടെ ഇവരെയും കേസില്‍ പ്രതി ചേര്‍ക്കുകയായിരുന്നു. തമിഴ്‌നാട്ടിലെ വാണിയമ്പാറയില്‍ നിന്നാണ് രണ്ടുപേരെയും പൊലീസ് പിടികൂടിയത്. ഇവിടത്തെ ഗോഡൗണില്‍ നിന്നാണ് 980 പീസ് അസംസ്‌കൃതസാധനങ്ങള്‍ പൊലീസ് പിടിച്ചെടുത്തത്. മൊത്തം പതിനഞ്ചരലക്ഷത്തിലേറെ രൂപ വിലവരുന്ന 1200 പീസ് അസംസ്‌കൃതസാധനങ്ങളാണ് കടത്തിക്കൊണ്ടുപോയത്.


Previous Post Next Post
Kasaragod Today
Kasaragod Today