കാസർകോട് :രണ്ട് വര്‍ഷത്തെ ഇടവേളക്കുശേഷം സംസ്ഥാനത്തെ സ്കൂളുകളില്‍ പ്രവേശനോത്സവത്തോടെ ബുധനാഴ്ച അധ്യയനാരംഭം.ഒന്നാം ക്ലാസിലേക്കുള്ള മൂന്നരലക്ഷത്തോളം നവാഗതര്‍ ഉള്‍പ്പെടെ 42.9 ലക്ഷം വിദ്യാര്‍ഥികളാണ് വീണ്ടും പള്ളിക്കൂടങ്ങളിലെത്തുന്നത്. കോവിഡ് വ്യാപനത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലായിരുന്നു അധ്യയന വര്‍ഷാരംഭം. ഡിജിറ്റല്‍/ ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതി തുടര്‍ന്നുകൊണ്ട് തന്നെ സ്കൂളുകള്‍ പ്രവര്‍ത്തിപ്പിക്കാനാണ് തീരുമാനം. കഴിഞ്ഞവര്‍ഷം 348741 കുട്ടികളാണ് സര്‍ക്കാര്‍, എയ്ഡഡ്, അണ് എയ്ഡഡ് സ്കൂളുകളിലായി പ്രവേശനം നേടിയത്. ഇത്തവണയും സമാനമായ പ്രവേശനമാണ് പ്രതീക്ഷിക്കുന്നത്.
കൊവിഡ് മഹാമാരി മൂലം അടഞ്ഞുകിടന്ന സ്കൂളുകള്‍ ഇന്നു മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമ്ബോള്‍ ഇത്തവണ വിപണിയില്‍ ഉണര്‍വ് അനുഭവപ്പട്ടതായി വ്യാപാരി സമൂഹം.
എന്നാല്‍ വ്യാപാരത്തില്‍ അമിതാവേശം പ്രകടമല്ലെന്നും അവര്‍ പറയുന്നു.കൊവിഡ് മൂലം നഷ്ടപ്പെട്ട വിപണി ഒരു പരിധിവരെ തിരിച്ചു പിടിക്കാനായതിന്റെ ആശ്വാസം വ്യാപാരികളുടെ വാക്കുകളില്‍ പ്രകടം. തയ്യല്‍ കടകളും പൊടിപൊടിച്ചു. കുട്ടികളുടെ പ്രിയമേറിയ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ ഛോട്ടാ ഭീം, ഡോറാ, ബുജി, സ്പൈഡര്മാന് എന്നിവയുടെ ചിത്രങ്ങളടങ്ങിയ ബാഗുകള്‍ക്കും വര്‍ണ്ണ കുടകള്ക്കുമായിരുന്നു ഇത്തവണ ഏറെ പ്രിയം.
കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും വിദ്യാര്‍ഥികളും അധ്യാപകരും മാസ്ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
12986 സ്കൂളുകളിലാണ് പ്രവേശനോത്സവം നടക്കുക. പാഠപുസ്തകങ്ങളുടെ ഒന്നാം ഭാഗവും കൈത്തറി യൂനിഫോമുകളും സ്കൂളുകളില്‍ എത്തിച്ചിട്ടുണ്ട്. പി.എസ്.സി നിയമനം ലഭിച്ച 353 അധ്യാപകര്‍ ബുധനാഴ്ച പുതിയതായി ജോലിയില്‍ പ്രവേശിക്കും. കുട്ടികളെ സഹായിക്കാനും ഗതാഗത ക്രമീകരണത്തിനുമായി പൊലീസ് സഹായം ഉണ്ടാകും. പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍ മോഡല്‍ പരീക്ഷയുമായാണ് തുടക്കം. ജൂണ്‍ രണ്ടിന് ഇവര്‍ക്ക് മോഡല്‍ പരീക്ഷയും 13 മുതല്‍ 30 വരെ പ്ലസ് വണ്‍ പരീക്ഷയും നടക്കും